യെരിഹോവില്‍ 6-ാം നൂറ്റാണ്ടിലെ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
യെരിഹോ: യെരിഹോവില്‍ 6-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് യെരിഹോ നഗരത്തിന്റെ സ്ഥാനം. ഇവിടെ ബൈസെന്റൈന്‍ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ ആരാധനയ്ക്കായി കൂടിവന്നിരുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
മൊസൈക് പാകിയ തറയുള്ള ഫൌണ്ടേഷനില്‍ 250 സ്ക്വയര്‍ മീറ്റര്‍ വലിപ്പമുണ്ട്. പുരാതന യെഹൂദ്യ, ശമര്യ ആളുകള്‍ താമസിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള പട്ടണമായിരുന്നു യെരീഹോ.
അന്നത്തെ കാലത്ത് പ്രമുഖ ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം എന്ന് ഗവേഷകര്‍ പറയുന്നു. ബൈബിളില്‍ യോശുവയുടെ നേതൃത്വത്തില്‍ യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശം കൈവശമാക്കുവാനുള്ള പോരാട്ടത്തില്‍ യെരീഹോ മതില്‍ തകര്‍ത്തതായി വായിക്കുന്നു.
കഴിഞ്ഞ ജൂലൈയില്‍ പുരാവസ്തു ഗവേഷകര്‍ ഇവിടെ പര്യവേഷണത്തിനു തുടക്കമിട്ടിരുന്നു. കണ്ടെത്തിയ മാര്‍ബിള്‍ പുരിശോധനയില്‍ കാലപ്പഴക്കം നിര്‍ണ്ണയിക്കപ്പെടുകയായിരുന്നു.
എഡി 749-ല്‍ ഉണ്ടായ വലിയ ഭൂമികുലുക്കത്തില്‍ നിരവധി ചര്‍ച്ചുകള്‍ ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പലസ്തീന്‍ സിവില്‍ അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.
കണ്ടെത്തിയ മാര്‍ബിളുകള്‍ വെസ്റ്റ് ബാങ്കിലെ പ്രമുഖ ഗുഡ് സമരിറ്റന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വയ്ക്കുമെന്ന് അധികാരികള്‍ പറഞ്ഞു.

