ആഗോള താപനം; ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയെന്ന് ഗവേഷകര്‍

ആഗോള താപനം; ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയെന്ന് ഗവേഷകര്‍

Breaking News India

ആഗോള താപനം; ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയെന്ന് ഗവേഷകര്‍
കൊച്ചി: ആഗോള താപനത്തിന്റെ വിപത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയെന്ന് ഗവേഷകര്‍ ‍.

ലോകത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന അന്തര്‍ദ്ദേശീയ ഭരണതല പ്രതിനിധി സംഘമാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഏറ്റവും വലിയ ശാസ്ത്ര കൂട്ടായ്മയായ ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായി സംഭവിപ്പാന്‍ പോകുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

ഇപ്പോള്‍ ആഗോള താപന തോത് 1.0 ഡിഗ്രി സെല്‍ഷ്യസാണ്. സമീപ ഭാവിയില്‍ ഇത് 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ആഗോള താപന തോത് രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിര്‍ത്തണമെന്നാണ് പാരീസ് ഉടമ്പടിയുടെ വ്യവസ്ഥ.

ആഗോള താപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറ്റവും അധികം ബാധിക്കുക വികസ്വര രാഷ്ട്രങ്ങളെയാണ്. ചൂടു കൂടുന്നതും തണുപ്പു കൂടുന്നതും മഴ കൂടുന്നതുമായ പ്രതിഭാസമായിരിക്കും സംഭവിക്കുക.

കാലാവസ്ഥ പ്രവചനാതീതമാകുന്നതിനാല്‍ പ്രകൃതി ദുരന്തങ്ങളും സംഭവിച്ചേക്കാം. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവ നിത്യ സംഭവങ്ങളായേക്കാം. ഇതിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയില്‍ കണ്ടു തുടങ്ങിയതായി ഐ.പി.സി.സി.യുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ മഹാ പേമാരിയും ഇതിന്റെ ഭാഗമായിരുന്നുവെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ കാര്‍ഷിക മേഖല, മത്സ്യ മേഖല, ടൂറിസം മേഖല എന്നിവയെ പ്രതികൂലമായി ബാധിക്കും.