ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ ആരാധനാലയം തകര്‍ത്തു; അക്രമികള്‍ അഴിഞ്ഞാടി
ബസ്തര്‍ : ഛത്തീസ്ഗഢിലെ ബസ്തര്‍ ഡിവിഷനില്‍ ഒരു സംഘം സുവിശേഷ വിരോധികള്‍ അഴിഞ്ഞാടി.
ബൈക്കുകളിലും മറ്റുമെത്തിയ നൂറിലേറെ വരുന്ന അക്രമിക്കൂട്ടം ആരാധനാലയം തകര്‍ക്കുകയും സംഭവസ്ഥലത്തെത്തിയ എസ്പിയുടെ തലതല്ലിപ്പൊളിക്കുകയും ചെയ്തു.
ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നുവെന്നാരോപിച്ച് നാരായണ്‍പൂരിലെ വിശ്വദീപ്തി ഹൈസ്കൂളിനു സമീപം നിര്‍മ്മിച്ച ക്രിസ്ത്യന്‍ ആരാധനാലയമാണ് തകര്‍ത്തത്.
കസേരകളും ഫര്‍ണിച്ചറുകളും ബൈബിളുകളും മറ്റും നശിപ്പിച്ചു. അക്രമികളെ തടയുന്നതിനിടെയാണ് നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് മര്‍ദ്ദനമേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ജില്ലാ ആസ്ഥാനത്തുനിന്നും കേവലം ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് സംഭവ സംഥലം. വിദേശമതം പിന്തുടരുന്നുവെന്ന് ആരോപിച്ച് ഏകദേശം നാനൂറിലധികം പേര്‍ ഗോറ ഗ്രാമത്തില്‍ നടത്തിയ അക്രമത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഗോറ ഗ്രാമത്തിലേ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്ന ഞങ്ങളെ സ്ത്രീകളടക്കമുള്ള മറ്റ് ആദിവാസികള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ആദിവാസി സ്ത്രീ പറഞ്ഞു.
തങ്ങളെ അവര്‍ വനത്തിലേക്ക് ഓടിക്കുകയും ചെയ്തു, അവര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ നാരായണ്‍പൂരിലെ 18 ഗ്രാമങ്ങളിലും കൊണ്ടഗാവിലെ 15 ഗ്രാമങ്ങളിലും അരങ്ങേറിയ ആക്രമണ പരമ്പരകളെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു.
മുളകളും ദണ്ഡുകളുമായാണ് ആക്രമണം നടത്തിയത്. 1000-ത്തോളം ക്രൈസ്തവര്‍ക്ക് ഗ്രാമം വിട്ടോടേണ്ടി വന്നിട്ടുണ്ട്.

