സ്നേഹവും സല്‍പ്രവര്‍ത്തിയും കാണിക്കുക
സമൂഹത്തില്‍ നിരാലംബരും, രോഗികളും, ഭവന രഹിതരും പെരുകി വരികയാണ്.
ജാതി, മത വ്യത്യാസമില്ലാതെ നല്ലൊരു ശതമാനം പേരും ഇക്കാരണങ്ങളാല്‍ ദുഃഖിതരായി കഴിയുന്നു. മറ്റുള്ളവരുടെ ആശ്രയം ലഭിക്കാതെ, സ്നേഹ തലോടല്‍ ലഭിക്കാതെ, ആശ്വസ വാക്കുകള്‍ കിട്ടാതെ എത്രയോ പേര്‍ മനസ്സു വിങ്ങിപ്പൊട്ടിക്കഴിയുന്നു.
ഞാനും എന്റെ കുടുംബവും മാത്രം അഭിവൃദ്ധി പ്രാപിക്കണം എന്നുള്ള മനസ്ഥിതിയുമായി ജീവിക്കുന്നവരാണ് ഏറെപ്പേരും. ആവശ്യത്തിനും അനാവശ്യത്തിനും സ്വത്തും മുതലുമൊക്കെയായി ആഡംബര ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
അയല്‍ക്കാരോടു പോലും യാതൊരു ബന്ധവും പാലിക്കാതെ നാലു മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ജീവിതം നയിക്കുന്നവരെ എല്ലാ സ്ഥലങ്ങളിലും കാണുവാന്‍ കഴിയും. ഇവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുള്ളവരുടെ സങ്കടം കാണുവാനോ, തീരാരോഗത്തില്‍ വേദന അനുഭവിക്കുന്നവരുടെ കണ്ണുനീര്‍ കാണുവാനോ, തല ചായ്ക്കാന്‍ ഇടം ഇല്ലാതെ കടത്തിണ്ണകളില്‍ അഭയം തേടുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാനോ നേരമില്ല.
ചില മൃഗങ്ങളിലും പക്ഷിക്കൂട്ടങ്ങളിലും കാണുന്ന ഐക്യതയും പരസ്പര സ്നേഹവും പോലും പല മനുഷ്യരിലും കാണുവാന്‍ സാധിക്കുന്നില്ല എന്നത് ഖേദകരമാണ്. എല്ലാവര്‍ക്കും പണം സമ്പാദിക്കണം, സുഖസൌകര്യങ്ങളോടെ ജീവിക്കണം അത്രമാത്രം. സഹജീവികളുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിട്ടും അറിയാത്തവരേപ്പോലെ കണ്ണടയ്ക്കുന്നവര്‍ക്ക് യാതൊരു അനുകമ്പയുമില്ല.
സമൂഹത്തില്‍ വിവിധ മതസംഘടനകളും, സ്വകാര്യ വ്യക്തികളും ഇന്ന് ആശയറ്റവര്‍ക്കും, നിരാലംബര്‍ക്കുമായി പലവിധമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് മാത്രമാണ് ആശ്വാസം പകരുന്നത്. ഇതില്‍ ചിലരെങ്കിലും ആത്മാര്‍ത്ഥമായി സഹജീവികളോട് കരുണകാണിക്കുന്നു. വീടില്ലാത്തവര്‍ക്ക് വീടുവച്ചു നല്‍കുന്നു. മക്കളെ പഠിപ്പിക്കുവാന്‍ കഴിവില്ലാത്തവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നു.
അനാഥകുട്ടികളെയും വൃദ്ധരെയും സംരക്ഷിച്ചു വരുന്നു. രോഗികള്‍ക്ക് സഹായഹസ്തം നീട്ടുന്നു. ഈ വകകാര്യങ്ങള്‍ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരമാണ്. ഇതില്‍ ബിസിനസ്സ് തന്ത്രം മാത്രം ലക്ഷ്യമാക്കി കള്ളനാണയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏപ്പോഴും മറ്റുള്ളവരുടെ കണ്ണില്‍ സംശയത്തിന് ഇടവരുവാന്‍ കാരണമാവുകയും ചെയ്യുന്നു.
വിശുദ്ധ ബൈബിള്‍ പറയുന്നു “സ്നേഹത്തിലും സല്‍പ്രവര്‍ത്തിയിലും ഉത്സാഹം കാണിക്കുക” (എബ്രാ.10:25). ക്രൈസ്തവ വിശ്വാസികള്‍ പരസ്പരം സ്നേഹത്തില്‍ കഴിയണം. ദുഃഖത്തിലും കഷ്ടതയിലും കഴിയുന്നവരെ സഹായിക്കണം. അവരുടെ കണ്ണുനീര്‍ തുടയ്ക്കണം.
ഇത് ലേഖകന്റെ മാത്രം ആവശ്യമല്ല, ദൈവത്തിന്റെ ആഗ്രഹം കൂടിയാണ്. ക്രിസ്ത്യാനികള്‍ എല്ലായ്പ്പോഴും സഹോദര വര്‍ഗ്ഗത്തോട് അനുകമ്പയും ആര്‍ദ്രതയും ഉള്ളവരായിരിക്കണം. മറ്റു മതവിഭാഗങ്ങള്‍ സമൂഹത്തില്‍ നല്ല മര്യാദകള്‍ കാണിക്കുന്നത് മതിപ്പുളവാക്കുന്നു. ഏതു വിശ്വാസമാണെങ്കില്‍പ്പോലും അവരുടെ സമുദായക്കാരേയും മറ്റു മതക്കാരേയും ഹൃദയംഗമായി സഹായിക്കുന്നത് സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനം കൂടുതല്‍ ആദരവുള്ളതാക്കുന്നു.
അവിശ്വാസികള്‍ കാണിക്കുന്ന സന്മനസ്സ് എങ്കിലും നമ്മുടെ വിശ്വാസി സമൂഹം സ്വവര്‍ഗ്ഗത്തോട് കാണിച്ചിരുന്നെങ്കില്‍ ക്രൈസ്തവ മാര്‍ഗ്ഗത്തിനു സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത കൈവരുമായിരുന്നു. കര്‍ത്തൃവേലയുടെ ഭാഗമെന്ന് പറഞ്ഞ് നിരവധി സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കന്നത് ഇന്ന് കൂടുതലായി കണ്ടു വരുന്നു.
കേവലം പണം സമ്പാദനത്തിനായി മാത്രം അത് ആവരുത്. ലഭിക്കുന്ന പണം കൃത്യമായി അതിന്റേതായ ആവശ്യത്തിനായി വിനിയോഗിച്ചാല്‍ സമൂഹം രക്ഷപെടും. ദൈവനാമം മഹത്വപ്പെടും. അല്ലായെങ്കില്‍ കടുത്ത വില കൊടുക്കേണ്ടിവരും.
നാം നന്മ അനുഭവിക്കുമ്പോള്‍ നമ്മുടെ സഹവിശ്വാസികളും ഈ അനുഭവത്തിലേക്കു ഉയരുവാന്‍ നമ്മളാല്‍ ആവതു സഹായിക്കുക. സ്നേഹം വെറും വാക്കുകളാലല്ല, പ്രവര്‍ത്തിയിലൂടെ കാണിക്കുക. അതാണ് സ്നേഹത്തിന്റെ അര്‍ത്ഥം.
പാസ്റ്റര്‍ ഷാജി. എസ്.