സുവിശേഷത്തില്‍ ശുഷ്ക്കാന്തിയുള്ള പാസ്റ്റര്‍ വെടിയേറ്റു മരിച്ചു
സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വളരെ ശുഷ്ക്കാന്തിയോടുകൂടി പ്രവര്‍ത്തിച്ചിരുന്ന ഒരു യുവ പാസ്റ്റര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ജൂലൈ 22 തിങ്കളാഴ്ച വടക്കു പടിഞ്ഞാറന്‍ ലാവോസിലെ വാങ്ഹായി ഗ്രാമത്തില്‍ താമസിക്കുന്ന ലാവോ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ തോങ്കാംഫിലവാന്‍ (40) ആണ് തോക്കിനിരയായത്.
ഫിലവാന്‍ തന്റെ വീടിന്റെ പിന്നില്‍ നില്‍ക്കുമ്പോള്‍ അജ്ഞാതരായ മുഖം മൂടി ധരിച്ച രണ്ടു പേര്‍ മോട്ടോര്‍ സൈക്കിളില്‍ എത്തുകയും അതിലൊരാള്‍ പാസ്റ്റര്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു.
അക്രമിയുടെ തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നു. തലയ്ക്കും ശരീരത്തിലും 7 പ്രാവശ്യം വെടിയേറ്റിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും രണ്ടു കൌമാരക്കാരായ കുട്ടികളും അനാഥരായി.
പാസ്റ്റര്‍ ഫിലവാന്‍ ഒരു ഗോത്ര നേതാവുകൂടിയായിരുന്നു. ലാവോസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ പ്രവിശ്യാ തലവനും കൂടിയായിരുന്നു.
അദ്ദേഹം സജീവമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജീസസ് ഫിലിം പ്രദര്‍ശിപ്പിക്കുകയും പാസ്റ്റര്‍മാര്‍ക്കായി പരിശീലനും നല്‍കുകയും ഒക്കെ ചെയ്തിരുന്ന വ്യക്തികൂടിയായിരുന്നു.
അതിനാല്‍ത്തന്നെ അധികാരികള്‍ പാസ്റ്ററെ സൂഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

