ഇറാനില്‍ 1 ലക്ഷം തടവുകാരെ വിട്ടയച്ചു; ക്രൈസ്തവര്‍ 6 പേര്‍ മാത്രം
ടെഹ്റാന്‍ : ഇറാനില്‍ കൊറോണ വൈറസ് നിയന്ത്രിക്കാനാവാത്ത നിലയില്‍ വ്യാപിച്ചതോടെ അധികാരികള്‍ വിവിധ ജയിലുകളിലെ ഒരു ലക്ഷത്തോളം തടവുകാരെ വിട്ടയച്ചു.
ഇവരില്‍ നാമമാത്രമായി ക്രൈസ്തവരും ഉള്‍പ്പെടും. ഇതുവരെ രാജ്യത്ത് 853 പേര്‍ മരിക്കുകയുണ്ടായി. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കഴിയുന്നവരും വിചാരണത്തടവുകാരുമായവരെയാണ് വിട്ടയച്ചത്.
എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ ആരാധിച്ചു സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തി നൂറുകണക്കിനു ക്രൈസ്തവര്‍ ജയിലുകളില്‍ കഴിയുമ്പോള്‍ വെറും 6 ക്രൈസ്തവരെ മാത്രമാണ് ഭരണകൂടം വിട്ടയച്ചത്. ഇവരില്‍ പ്രധാനി 21 കാരിയായ മേരി മൊഹമ്മദി എന്ന പെണ്‍കുട്ടിയാണ്.
സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ച മേരിയെ ജനുവരിയിലായിരുന്നു കസ്റ്റഡിയിലെടുത്തത്.
ക്രൂരമായ മര്‍ദ്ദന മുറകളും പീഢനങ്ങളും നേരിട്ട് ടെഹ്റാന്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു മേരി. ബാക്കി ക്രൈസ്തവരുടെ മോചനവും കൂടി ഉടന്‍ ഉണ്ടാവണമെന്ന് ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക.