പരിശോധനയ്ക്കായി പൌഡര്‍ നിര്‍മ്മിക്കാം; വില്‍ക്കരുത്: ജോണ്‍സണ്‍ കമ്പനിയോട് ഹൈക്കോടതി
മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മിക്കുന്നതിന് കമ്പനിക്ക് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. പൌഡര്‍ നിര്‍മ്മിക്കാനും സാമ്പിളുകള്‍ പരിശോധിക്കാനുമാണ് കോടതി അനുമതി നല്‍കിയത്.
ജസ്റ്റിസുമാരായ എസ് വി. നാഗാപൂര്‍വാല, എസ്.ജി. ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മുംബൈയിലെ മുള്ളണ്ട് ഏരിയായിലുള്ള കമ്പനിയുടെ ഫാക്ടറിയില്‍ നിന്ന് പുതിയ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് കോടതി നിര്‍ദ്ദേശിച്ചു.
സാമ്പിളുകള്‍ രണ്ട് സര്‍ക്കാര്‍ ലാബുകളിലേക്കും പരിശോധനയ്ക്കായി അയയ്ക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു.
തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കമ്പനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവി കദം പൌഡര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ബേബി പൌഡര്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ 30-ലേക്കു മാറ്റി.
സെപ്റ്റംബര്‍ 15-ന് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് ഉത്തരവുകളും ചോദ്യം ചെയ്ത് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
കൊല്‍ക്കൊത്തയിലെ സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചതിലും ഉയര്‍ന്ന പിഎച്ച് അളവ് അടങ്ങിയ പൌഡര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
ഉയര്‍ന്ന പിഎച്ച് മാരകമായ രോഗങ്ങള്‍ക്ക് കാരണമായതായി കണ്ടെത്തിയതിനാല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ യു.എസിലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നിലവില്‍ കേസുകളുണ്ട്.

