ചെങ്കടല്‍ തീരത്ത് സൌദിയുടെ അത്ഭുത നഗരമൊരുങ്ങുന്നു
റിയാദ്: ലോകത്തെ അത്ഭുതപ്പെടുത്താന്‍ സൌദിയില്‍ പുതിയ നഗരമൊരുങ്ങുന്നു. മലിനീകരണവും പ്രകൃതി നശീകരണവുമില്ലാത്ത കണ്ണാടിക്കൂട്ടില്‍ തീര്‍ത്ത പുതിയ നഗരം 2030-ഓടെ യാഥാര്‍ത്ഥ്യമാക്കാനാണ് സൌദി അറേബ്യ ലക്ഷ്യമിടുന്നത്.
നിയോം എന്നറിയപ്പെടുന്ന പദ്ധതിയുടെ ആദ്യ രൂപരേഖ സൌദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് പുറത്തുവിട്ടു. ഒരു ട്രില്യന്‍ ഡോളറാണ് പദ്ധതിക്കായി ചെലവിടുക.
സൌദി അറേബ്യയുടെ വടക്കേ അതിര്‍ത്തിയില്‍ ചെങ്കടല്‍ തീരത്താണ് നിയോം പദ്ധതി. അതിനുള്ളില്‍ 200 മീറ്റര്‍ വീതിയില്‍ 170 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ നിരപ്പില്‍നിന്ന്
500 മീറ്റര്‍ ഉയരത്തില്‍ ലംബമായ (ഒറ്റ നേര് രേഖയില്‍ ) ആകൃതിയിലാണ് ദ ലൈന്‍ എന്ന നഗര പാര്‍പ്പിട പദ്ധതി ഒരുങ്ങുക.
രണ്ട് പുറം ഭിത്തികളാല്‍ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും.
170 കിലോമീറ്റര്‍ നീളത്തില്‍ 488 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടികൊണ്ട് പൊതിയും. നേര്‍രേഖയില്‍ പരസ്പരം അഭിമുഖീകരിച്ചായിരിക്കും വിധം ഈ ഭിത്തികള്‍ക്കുള്ളില്‍ രണ്ടു വരികളിലായി വീടുകള്‍ നിര്‍മ്മിക്കപ്പെടും. 170 കിലോമീറ്റര്‍ നീളത്തില്‍ 200 മീറ്റര്‍ വീതിക്കുള്ളില്‍ ഇരുവശങ്ങളിലുമായി ഉയരുന്ന വീടുകളില്‍ 90 ലക്ഷം ആളുകള്‍ക്ക് സ്ഥിര താമസം നടത്താനാകും.
ഇത്രയും ലക്ഷം താമസക്കാരെ ഉള്ക്കൊള്ളനാകുംവിധം 34 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ വിസ്മയ നഗരം സമാനശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തിനുതന്നെ ഒരത്ഭുതമായിരിക്കുമെന്നാണ് ഭരണകൂടം പറയുന്നത്.
റോഡുകള്‍ , കാറുകള്‍ , മലിനീകരണം എന്നിവയില്ലാത്ത പൂജ്യം ശതമാനം മാലിന്യമുക്തമായ ഒരു ഭാവി നഗരം എങ്ങനെ സാധ്യമാക്കാം, അതില്‍ സമൂഹങ്ങള്എങ്ങനെ ജീവിക്കുമെന്ന് ‘ദ ലൈന്‍ ’ ലോകത്തിനു കാണിച്ചുകൊടുക്കും.
ഇത് 100 ശതമാനം പുനരുപയോഗ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുകയും ചെയ്യുന്ന സ്വപ്ന പദ്ധതിയാണെന്നും വിശദീകരിക്കുന്നു.

