ദുര്‍മന്ത്രവാദം, 5 വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു
നാഗ്പൂര്‍ : ദുര്‍മന്ത്രവാദം ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ഞെട്ടിക്കുന്ന നരഹത്യ നടന്നത്. കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ (48) അമ്മ രഞ്ജന (42) അമ്മായി വെന്‍സോദ് (35) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
യൂട്യൂബറായ ചിംനെ കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം തകല്‍ഘട്ട് പ്രദേശത്തെ ഒരു ദര്‍ഗയില്‍ പോയിരുന്നു. തുടര്‍ന്നു മകളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നിയതിനെത്തുടര്‍ന്ന് ഇയാള്‍ ദുര്‍മന്ത്രവാദം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികള്‍ രാത്രിയില്‍ മന്ത്രവാദം നടത്തുകയും ബാധ ഒഴിക്കാനായി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ബോധരഹിതയായി നിലത്തുവീണ കുട്ടി മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചയോടെ പ്രതി കുട്ടിയെ ദര്‍ഗയിലേക്ക് കൊണ്ടുപോവുകയും പിന്നീട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപേക്ഷിച്ചശേഷം രക്ഷപെടുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ സ്വന്തം മാതാപിതാക്കളാണെന്നു കണ്ടെത്തിയത്.

