ഹൈദരാബാദില്‍ സ്കൂളില്‍ പഠിപ്പിക്കുന്നത് റോബോട്ടുകള്‍ ; 30 ഭാഷകള്‍ സംസാരിക്കുന്നു
ഹൈദരാബാദ്: സാങ്കോതിക വിദ്യയുടെ കുതിച്ചു കയറ്റം വിദ്യാലയങ്ങളെ അടിമുടി മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് ഹൈദരാബാദിലെ ഒരു സ്കൂളില്‍ സംഭവിച്ചത്.
ഇവിടത്തെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് റോബോട്ട് അദ്ധ്യാപകരാണ്. ഇന്ത്യയില്‍ ഇതാദ്യമായാണ് അദ്ധ്യാപക വൃത്തിയില്‍ റോബോട്ടുകള്‍ അവതരിക്കപ്പെടുന്നത്. ഹൈദരാബാദ്, ബംഗളുരു, പൂനെ എന്നിവിടങ്ങളിലെ മൂന്ന് ഇന്‍ഡസ് സ്കൂളുകളിലായി 21 റോബോട്ടുകളെയാണ് വിന്യസിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഈഗിള്‍ റോബോട്ടുകളെ ഉള്‍പ്പെടുത്തുന്നതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കാന്‍ തെലുങ്കാന വിദ്യാഭ്യാസ മന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡി സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു. സമൂഹത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ വിടവ് നികത്താന്‍ കഴിയുന്ന ബ്രഹ്മാസ്ത്രമാണ് വിദ്യാഭ്യാസം. മനുഷ്യനും, യന്ത്രങ്ങളും തമ്മിലുള്ള സഹകരണം വിദ്യാഭ്യാസ മേഖലയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കാരണമായതും ഇതാണ്.
മറ്റ് സ്ഥലങ്ങളിലെപ്പോലെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കൂടിച്ചേര്‍ന്ന് വിദ്യാഭ്യാസം നല്‍കുന്നത് മാതൃകാപരമായ മാറ്റം കൊണ്ടുവരും. ഇന്‍ഡസ് ട്രസ്റ്റ് സ്ഥാപകനും സിഇഒയുമായ അര്‍ജുന്‍ റായ് പറഞ്ഞു. അഞ്ച് മുതല്‍ പ്ളസ് വണ്‍ വരെയുള്ള ക്ളാസുകള്‍ക്കാണ് റോബോട്ടുകള്‍ ക്ളാസെടുക്കുന്നത്.
വ്യത്യസ്തമായ 30 ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന റോബോട്ടുകളാണിവ എന്നതാണ് ഇതിന്റെ പ്രത്യേകത. വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് റോബോട്ടുകളുമായി ബന്ധപ്പെടാന്‍ സാധിക്കും.
ഹൈദരാബാദിലെ മറ്റ് സ്കൂളുകളിലും ഈഗിളിന്റെ സേവനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി പ്രധാന അധ്യാപികയായ അപര്‍ണ അജന പറഞ്ഞു.

