നാസി ക്യാമ്പിനു സമീപത്തുനിന്ന് 8000 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
വാഴ്സോ: പോളണ്ടിലെ മുന്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു സമീപം കണ്ടെത്തിയ വലിയ കുഴിമാടത്തില്‍ 8000-ത്തോളം ആളുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 17.5 ടണ്‍ വരുന്ന അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.
ഇപ്പോള്‍ സിയാല്‍ദോവോ എന്നറിയപ്പെടുന്ന സോല്‍ദൊ ക്യാമ്പില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ നാഷണല്‍ റിമമ്പറന്‍സ് അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായിരുന്ന ക്യാമ്പാണിത്. യഹൂദന്മാരെയും എതിര്‍പക്ഷക്കാരെയും പോളിഷ് സര്‍ക്കാരിലെ ഉന്നതരെയും ഇവിടെ കൊലപ്പെടുത്തിയതായി ചരിത്രം പറയുന്നു.
തടവിലാക്കപ്പെട്ട പോളണ്ട് ജനതയുടെതന്നെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ഇവരെ കൊന്നശേഷം പുറംലോകത്തെ അറിയിക്കാതിരിക്കാന്‍ 1944-ല്‍ നാസികള്‍ മറവു ചെയ്തതാകാമെന്ന് പോമറേനിയന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ജനറ്റിക് സ്പെഷ്യലിസ്റ്റ് ആന്‍ഡ്രെ ഒസോവ്സ്കി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഡിഎന്‍എ പരിശോധന നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം 30,000 ത്തോളം പേരെ നാസികള്‍ ഇവിടെ തടവിലാക്കിയതായി പറയപ്പെടുന്നു.
ഇപ്പോള്‍ കണ്ടെത്തിയ കുഴിമാടത്തിലെ അവശിഷ്ടങ്ങളെല്ലാം 1939-ല്‍ കൊല്ലപ്പെട്ട ആളുകളുടേതാകാമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

