സ്നേഹത്തിന്റെ വലിപ്പം

സ്നേഹത്തിന്റെ വലിപ്പം

Articles Breaking News Editorials

സ്നേഹത്തിന്റെ വലിപ്പം

നാം അറിയാത്ത ദേശത്തും പരീക്ഷയുടെ നടുവിലും, പരിശോധനകളുടെ നടുവിലും ദൈവത്തിന് ഹൃദയങ്കമായി സ്തുതി അര്‍പ്പിക്കുകയും ചെയ്ക.

വിശ്വാസത്തിന്റെ നല്ല പോരാളിയായി പിശാചിനോട് എതിര്‍ത്ത് നിഷ്ക്കളങ്ക ജീവിതം നയിച്ചാല്‍ നമ്മുടെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാല്‍ ദൈവകോപത്തിന്റെ പിടിയില്‍ നിന്ന് നാം അത്ഭുതകരമായി വിടുവിക്കപ്പെടുകയും വിസ്താരത്തില്‍ അകപ്പെടാതവണ്ണം നമ്മോടുള്ള ദൈവസ്നേഹത്തിന്റെ അളവറ്റ ആഴത്താല്‍ ആ വലിയ ദിവസം അഥവാ ദൈവതേജസ്സിന്റെ ആ മഹത്വ പ്രത്യക്ഷതയില്‍ നമുക്കും സ്വര്‍ഗ്ഗീയ വിശുദ്ധ ഗണത്തോടൊത്ത് ദൈവത്തിന്റെ നീതി ഫലം നിറഞ്ഞവരായി ദൈവത്തെ സ്തുതിക്കുവാനും കഴിയും.

ആ ദിവസം ദൈവസന്നിധിയില്‍ നിത്യാശ്വാസം പ്രാപിക്കുവാനും നമ്മുടെ ചില പുതിയ നിയമ വിശ്വാസ അധിഷ്ഠിത പ്രമാണങ്ങള്‍ നമ്മെ സഹായിക്കും. ഈ വിശ്വാസ അധിഷ്ഠിത ആജ്ഞകള്‍ അനുസരിച്ച് ക്രിസ്തുവില്‍ ജീവിച്ചാല്‍ ആ വലിയ ദിവസം നമ്മുടെ പ്രയത്നം വ്യര്‍ത്ഥമല്ല എന്ന് ക്രിസ്തുയേശുവില്‍ ആശ്വാസം പ്രാപിപ്പാന്‍ കഴിയും. നമ്മെ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ ദൈവസന്നിധിയില്‍ നില്‍പ്പാന്‍ ചില വിശ്വാസ ആജ്ഞകള്‍ സഹായിക്കും.

അപ്പോസ്തോല ശ്രേഷ്ഠന്‍ പറയുന്നു: ആജ്ഞയുടെ ഉപദേശങ്ങള്‍ ഇവയത്രേ: “ശുദ്ധഹൃദയം, നിര്‍മ്മല മനസാക്ഷി, നിര്‍വ്യാജ വിശ്വാസം, സ്നേഹം” എന്നിവ തന്നെ. (1 തിമെഥെ.1:5).

ദൈവിക ആജ്ഞയില്‍ പ്രധാനമാണ് ശുദ്ധഹൃദയം. ഹൃദയം ശുദ്ധമല്ലെങ്കില്‍ പരീക്ഷകന്‍ നമ്മിലേക്ക് എയ്തുവിടുന്ന ഒരു അന്തര്‍ഗത നിര്‍ദ്ദേശം ഒന്നില്‍നിന്നും അനേകവിധത്തില്‍ മരണത്തിന് ഫലം കായ്ക്കുന്ന തരത്തിലുള്ള ഫലങ്ങള്‍ നമ്മില്‍നിന്നു പുറപ്പെടുവിക്കും.

അതുകൊണ്ട് ക്രിസ്തുയേശുവില്‍ ശുദ്ധീകരിക്കപ്പെട്ട ഒരു ദൈവപൈതലിന്റെ ഉത്തമ നിക്ഷേപമായിരിക്കണം ഒരു ശുദ്ധഹൃദയം. നമ്മുടെ മനസാക്ഷി നിര്‍മ്മലമല്ലെങ്കില്‍ അധര്‍മ്മം പെരുകുകയും അതിനാല്‍ നമ്മുടെ സ്നേഹം തണുത്തുപോകുന്ന അവസ്ഥ വരികയും ചെയ്യുന്നു.

ഒടുവില്‍ അവിശ്വാസിയേക്കാള്‍ അധമമായി സകല ദുര്‍ഗ്ഗുണങ്ങളും നിറഞ്ഞിട്ട് നാം നരക തീയില്‍ അവസാനിക്കുകയും ചെയ്യേണ്ടിവരുന്നു. ആകയാല്‍ ഒരു നിര്‍മ്മല മനസാക്ഷി ഒരു ദൈവപൈതലിന്റെ ഉത്തമസമ്പത്തായിരിക്കണം. വചനം പറയുന്നു. വിശ്വാസം നിര്‍വ്യാജമായിരിക്കട്ടെ. നമ്മുടെ വിശ്വാസം ‘സല്‍പ്രവര്‍ത്തികളോടുകൂടെ’ വെളിപ്പെട്ടുവരട്ടെ. ഇവയില്‍ എല്ലാറ്റിലും വലിയകാര്യം സ്നേഹം തന്നെയാണ് എന്നും വചനം പറയുന്നു.

വിശ്വാസം പോലും സ്നേഹത്താല്‍ വ്യാപരിക്കുന്നതത്രെ എന്നാണ് വചനം പറയുന്നത്. (ഗലാത്യര്‍ 5) അപ്പോസ്തോല ശ്രേഷ്ഠനായ വിശുദ്ധ പൌലോസ് പറയുന്നത് സ്നേഹമില്ലായെങ്കില്‍ ഒന്നുമില്ല എന്നാണ്. കാരണം ദൈവം സ്നേഹമാണ്. “സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നതാകയാല്‍ ‍” യാതൊരു തിന്മെക്കും, ഇടര്‍ച്ചെക്കും, ഒരു കൈപ്പിനും, ക്രോധത്തിനും തന്നില്‍ കാരണമില്ലാതെ “ദീര്‍ഘമായി ക്ഷമിക്കുകയും മറ്റുള്ളവരോട് ദയ കാണിക്കുകയും ചെയ്യുന്നു”.

സ്നേഹം എന്നത് ന്യായപ്രമാണത്തിന്റെ നിവര്‍ത്തിയാണ് എന്നാണ് വചനം പറയുന്നത്. യേശു പറഞ്ഞു: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്‍പ്പന.

ഒരു ക്രിസ്തു ശിഷ്യനെ വെളിപ്പെടുത്തുന്നതു തന്നില്‍ സ്നേഹത്താല്‍ വ്യാപരിക്കുന്ന നന്മയുടെ അഥവാ വെളിച്ചത്തിന്റെ സര്‍വ്വസല്‍ഗുണങ്ങളുമത്രെ. ദൈവകല്‍പ്പന നമുക്ക് അതേപടി അനുസരിക്കാം. അതിനായി ഒരുങ്ങാം.
പാസ്റ്റര്‍ ഷാജി. എസ്.