അര്‍മേനിയന്‍ കൂട്ടക്കൊല വംശിയ ഉന്മൂലനം തന്നെയെന്ന് ബൈഡന്‍

അര്‍മേനിയന്‍ കൂട്ടക്കൊല വംശിയ ഉന്മൂലനം തന്നെയെന്ന് ബൈഡന്‍

Breaking News Europe USA

അര്‍മേനിയന്‍ കൂട്ടക്കൊല വംശിയ ഉന്മൂലനം തന്നെയെന്ന് ബൈഡന്‍
വാഷിംങ്ടണ്‍ ഡി.സി.: ഒന്നാം ലോക മഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ 15 ലക്ഷം അര്‍മേനിയന്‍ ക്രൈസ്തവരെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത സംഭവം വംശിയ ഉന്മൂലനമാണെന്ന് ഒടുവില്‍ ഔദ്യോഗികമായി അംഗീകരിച്ച് യു.എസ്. പ്രസിഡന്റ് ജോ.ബൈഡന്‍ ‍.

കൂട്ടക്കൊലയുടെ 106-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 25-ന് ബൈഡന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വംശിയ ഉന്മൂലനം എന്ന പദം ഉപയോഗിച്ചത്.

അമേരിക്കയുടെ മുന്‍ ഭരണ നേതാക്കള്‍ തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകാതിരിക്കാനായി ഈ പദം ഉപയോഗിക്കാന്‍ വിസമ്മതിച്ചിരുന്നു. ബൈഡന്റെ തീരുമാനം പൂര്‍ണ്ണമായി തള്ളുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂട്ട് കൌസൊഗ്ളു പ്രതികരിച്ചു. തുര്‍ക്കി വിദേശ മന്ത്രാലയം അമേരിക്കന്‍ അംബാസിഡറെ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.

1915-17 കാലത്താണ് അര്‍മേനിയന്‍ വംശജരായ ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയായത്. ഒന്നാം ലോകമഹായുദ്ധത്തില്‍ റഷ്യയോടു പരാജയപ്പെട്ട ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാരെ റഷ്യന്‍ അനുകൂലികളെന്നു മുദ്ര കുത്തി സിറിയന്‍ മരുഭൂമിയിലേക്കു നാടു കടത്തി ഭക്ഷണവും വെള്ളവും നല്‍കാതെ കൊന്നൊടുക്കുകയായിരുന്നു.

അര്‍മേനിയയ്ക്കെതിരായി നടന്ന അക്രമങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും അതിനെ വംശിയ ഉന്മൂലനമായി വിശേഷിപ്പിക്കുന്നതില്‍ തുര്‍ക്കിക്ക് താല്‍പ്പര്യമില്ല. ഓട്ടോമന്‍ തുര്‍ക്കികളുടെ പീഢനം നേരിട്ട അര്‍മേനിയക്കാരെ അനുസ്മരിക്കുന്നതായി ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആരെയെങ്കിലും കുറ്റപ്പെടുത്തുക എന്നതല്ല, ഇത്തരം ക്രൂര കൃത്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കുക എന്നതുമാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ, യൂറോപ്യന്‍ പാര്‍ലമെന്റ് തുടങ്ങി 30 രാജ്യങ്ങള്‍ ഇതിനു മുമ്പ് അര്‍മേനിയന്‍ കൂട്ടക്കൊല വംശീയ ഉന്മൂലനമാണെന്ന് അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ നാറ്റോ സംഖ്യ സേനയിലെ പ്രധാന ശക്തിയായ തുര്‍ക്കിയെ പിണക്കാതിരിക്കുവാന്‍ അമേരിക്കന്‍ നേതാക്കള്‍ വംശീയ ഉന്മൂലനം എന്ന പദം ഉപയോഗിക്കാന്‍ മടി കാട്ടുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശിയ ഉന്മൂലനമാണ് ഇതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പാ മുമ്പ് പറഞ്ഞിട്ടുണ്ട്. തുര്‍ക്കിയിലെ അനത്തോളിയ മേഖലയില്‍ രണ്ടു സഹസ്രാബ്ദത്തോളം കഴിഞ്ഞു വന്നിരുന്ന അര്‍മേനിയന്‍ ക്രൈസ്തവ സമൂഹത്തെ പൂര്‍ണമായി ഉന്മൂലനം ചെയ്യുവാന്‍ വേണ്ടി ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യവും, ഭരണത്തിലിരുന്ന ‘യുവതുര്‍ക്കി’ എന്നറിയപ്പെട്ടിരുന്ന കമ്മറ്റി ഓഫ് യൂണിയന്‍ ആന്‍ഡ് പ്രോഗ്രസ് പാര്‍ട്ടിയും ആസൂത്രിതമായി നടപ്പാക്കിയ നരഹത്യ ആയിരുന്നു അത്.

അര്‍മേനിയക്കാരെ റഷ്യന്‍ അനുകൂലികളെന്നു വിളിച്ചായിരുന്നു ഈ ക്രൂരത. എന്നാല്‍ ഇതിനു വ്യക്തമായ തെളിവുകള്‍ കൊണ്ടുവരുവാന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല.

1908-ല്‍ അധികാരത്തിലേറിയതു മുതല്‍ അര്‍മേനിയക്കാരെ പീഢിപ്പിക്കാന്‍ തുര്‍ക്കി പട്ടാളത്തിലുണ്ടായിരുന്ന അര്‍മേനിയക്കാരെപ്പോലും ഭരണകൂടം കൊന്നൊടുക്കി. അര്‍മേനിയക്കാരുടെ സ്വത്തുക്കള്‍ പിടിച്ചടക്കി. സിറിയന്‍ മരുഭൂമിയിലെ കോണ്‍സെട്രേഷന്‍ ക്യാമ്പുകളില്‍ ഭൂരിഭാഗവും പട്ടിണിയും പീഢനങ്ങളും മൂലം മരിച്ചു വീഴുകയോ കൊല്ലപ്പെടുകയോ ചെയ്തു.

സ്ത്രീകള്‍ വ്യാപകമായി മാനഭംഗത്തിനിരയായി. ഒന്നിനും രണ്ടിനും ലക്ഷത്തിനിടയില്‍ വരുന്ന സ്ത്രീകളെയും കുട്ടികളെയും നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കി. സംഭവത്തെ തുടര്‍ന്ന് വിദേശ മാധ്യമ പ്രവര്‍ത്തകരും മിഷണറിമാരും നയതന്ത്ര ഉദ്യോഗസ്ഥരും അര്‍മേനിയക്കാര്‍ അനുഭവിച്ച കിരാത പീഢനങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷം പേര്‍ മരിച്ചുവെന്ന് അര്‍മേനിയക്കാര്‍ വ്യക്തമാക്കുമ്പോള്‍ വെറും മൂന്നുലക്ഷം പേരെന്നാണ് തുര്‍ക്കി പറയുന്നത്.