കോവിഡ് ബാധിച്ച വൃദ്ധരില്‍ മറവി രോഗം കൂടുന്നതായി പഠനം
കോവിഡ് ബാധിച്ചവരില്‍ പലവിധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
കോവിഡിനു ശേഷം മാസങ്ങളോളം അതിന്റെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനെ ലോംഗ് കോവിഡ് എന്നാണ് വിളിക്കുന്നത്.
കോവിഡ് ബാധിച്ച വയോധികരില്‍ മറവി രോഗം കൂടുന്നു എന്ന പുതിയ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. അല്‍ഷൈമേഴ്സ് ഡിസീസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
യു.എസിലുള്ള അറുപത്തിയഞ്ചിനും അതിനു മുകളിലും പ്രായമുള്ള 6.2 ദശലക്ഷത്തോളം വയോധികരുടെ ആരോഗ്യ വിവരങ്ങള്‍ നിരീക്ഷിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
2020 ഫെബ്രുവരിക്കും 2021 മേയിനും ഇടയില്‍ ചികിത്സയില്‍ കഴിഞ്ഞവരായിരുന്നു ഇവര്‍ . ഇവരെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു വിഭാഗം കോവിഡ് ബാധിച്ചവരും മറു വിഭാഗം അല്ലാത്തവരുമായിരുന്നു.
നേരത്തെ അല്‍ഷൈമേഴ്സ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവരുമായിരുന്നു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികരില്‍ ഒരു വര്‍ഷത്തിനിപ്പുറമാണ് മറവി രോഗം കൂടുന്നതായി കണ്ടെത്തിയത്.
65 വയസ്സും അതിനു മുകളില്‍ പ്രായമുള്ളവരിലുമാണ് ഈ അവസ്ഥ കൂടുതലായി കണ്ടത്. എണ്‍പത്തിയഞ്ചില്‍ മുകളിലുള്ള സ്ത്രീകളില്‍ ഇക്കാലയളവില്‍ മറവി രോഗം കൂടിയിട്ടുണ്ട്.
പ്രായമായവരില്‍ മറവി രോഗം ബാധിച്ചിരുന്നതിന്റെ തോത് 0.35 ശതമാനം ആയിരുന്നിടത്ത് കോവിഡിനു പിന്നാലെയുള്ള ഒരു വര്‍ഷം കൊണ്ട് 0.68 ആയി മാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മുമ്പുണ്ടായിരുന്ന വൈറല്‍ പകര്‍ച്ചയ്ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

