ചെരിപ്പില്ലാതെ നടത്തം, ആരോഗ്യം വര്‍ദ്ധിപ്പിക്കും

ചെരിപ്പില്ലാതെ നടത്തം, ആരോഗ്യം വര്‍ദ്ധിപ്പിക്കും

Articles Health

ചെരിപ്പില്ലാതെ നടത്തം, ആരോഗ്യം വര്‍ദ്ധിപ്പിക്കും
ഇന്ന് കാലില്‍ ചെരുപ്പില്ലാതെ ആര്‍ക്കും സഞ്ചരിക്കാനാവില്ല. അതിനു കാരണങ്ങളില്‍ പ്രധാനം നമ്മുടെ അഭിമാന പ്രശ്നവും കാലിന്റെ സുരക്ഷിതത്വവുമാണ്. വളരെ ശരിതന്നെയാണിത്.

എന്നാല്‍ വീടിനകത്തും പുറത്തുമൊക്കെ സദാസമയവും കാലില്‍നിന്നും ചെരുപ്പു അഴിച്ചു വെയ്ക്കാതെ നടക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ചെരിപ്പില്ലാതെ വൃത്തിയുള്ള മണ്ണിലൂടെയും ചരലിലൂടെയും നടന്നാല്‍ കാലിനു മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ്.

അക്യുപങ്ചര്‍ ചികിത്സയുടേതിനു സമമായ പോസിറ്റീവ് മാറ്റം ശരീരത്തിനു ഉണ്ടാക്കാന്‍ ചെരിപ്പുപയോഗിക്കാതെയുള്ള നടത്തംകൊണ്ടു സാധിക്കും. കാല്‍പാദങ്ങള്‍ക്ക് അത്യാവശ്യം പരുപരുത്ത പ്രതലത്തിലൂടെ നടക്കാനുള്ള ശേഷി ദൈവത്തിന്റെ സൃഷ്ടിപ്പില്‍ത്തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്.

ആ ശേഷി സദാസമയവും ചെരുപ്പിനുള്ളിലും ഷൂസിനുള്ളിലുമാക്കി നഷ്ടപ്പെടുത്തരുത്. ശരീരത്തിലെ നാഡികളില്‍ പലതും പാദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഇവയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചെരുപ്പില്ലാ നടത്തത്തിനു കഴിയും.

ഇതുമൂലം ശരീരത്തിലൂടെയുള്ള രക്ത ചംക്രമണവും വര്‍ദ്ധിക്കാനിടയാകും. തലച്ചോറുമായി നിരന്തരം സമ്പര്‍ക്കമുള്ളവയാണ് കാല്‍പ്പാദങ്ങളിലെ നാഡികള്‍ ‍. ചെരുപ്പില്ലാതെ നടക്കുന്നതുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഇത് ത്വരിതപ്പെടുത്തുന്നു.

അതു മാത്രമല്ല, ചെരുപ്പില്ലാതെ നടക്കുന്നതുമൂലം പ്രകൃതിയുമായി നമ്മള്‍ കൂടുതല്‍ ഇണങ്ങിച്ചേരുന്നതിനും താദാത്മ്യം പ്രാപിക്കുന്നതിനും സഹായിക്കുന്നു. ഇത്രയൊക്കെ ശരിയാണെങ്കിലും കാല്‍പ്പാദങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്ന മുള്ളുകളും ദുഷ്ക്കരവുമായ വഴിയിലൂടെ സഞ്ചരിക്കുവാന്‍ കഴിവതും ചെരുപ്പുപയോഗിക്കുന്നതുതന്നെയാണ് സുരക്ഷിതത്വം.