യുക്രൈനില്‍ ഭക്ഷണം കിട്ടാതെ ഇന്ത്യന്‍ കന്യാസ്ത്രീകള്‍
ഐസ്വാള്‍ : റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ സന്യാസിനികള്‍ക്ക് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ മിസോറാമില്‍നിന്നുള്ള സിസ്റ്റര്‍ റൊസേല നൂതാംഗി, സിസ്റ്റര്‍ ആന്‍ ഫ്രി എന്നീ കന്യാസ്ത്രീകളാണ് യുക്രൈനില്‍ ഭക്ഷണം കിട്ടാതെ വലയുന്നത്.
ക്വീവില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായാണ് ഇവര്‍ രാജ്യത്ത് തുടര്‍ന്നത്. യുക്രൈന്‍കാരായ 37 പേര്‍ക്കും കേരളത്തില്‍നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്കും ഒപ്പമാണ് ഇവര്‍ ക്വീവില്‍ കെട്ടിടത്തിന്റെ ഗോഡൌണില്‍ തുടരുന്നത്. മറ്റു മൂന്നു സിസ്റ്റര്‍മാരും ഇവര്‍ക്കൊപ്പമുണ്ട്.
കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസമാണ് ഇവര്‍ക്കൊപ്പം ചേര്‍ന്നത്. സന്യാസിനികളുമായി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ച ബന്ധുവാണ് ഭക്ഷണം തീരുന്നതു സംബന്ധിച്ചു മാധ്യമങ്ങളെ വിവരം അറിയിച്ചത്. ഗോഡൌണില്‍ എല്ലാവരും സുരക്ഷിതരാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
സിസ്റ്റര്‍ റൊസേലയോടും ആന്ഫ്രീയോടും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും അഭയാര്‍ത്ഥികളെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനായി ഇവര്‍ ഷെല്‍ട്ടറില്‍ തുടരുകയായിരുന്നു.

