ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു

ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു

Asia Breaking News Top News

ചൈന ബൈബിള്‍ മാറ്റിയെഴുതുന്നു

ബീജിംഗ്: ബൈബിള്‍ പൊളിച്ചെഴുതുമെന്നുള്ള ചൈനീസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷം മുമ്പുള്ള പ്രഖ്യാപിത നയം നടപ്പാക്കുന്നു. ദൈവവചനത്തിലെ ചരിത്രങ്ങളും ദൈവശാസ്ത്രവും മാറ്റിയെഴുതി, തെറ്റായി വ്യാഖ്യാനിച്ച് കമ്മ്യൂണിസ്റ്റ് തത്വങ്ങളുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന പ്രക്രീയയാണ് നടന്നു വരുന്നത്.

ഇതോടൊപ്പം ചൈനയിലെ പ്രമുഖ മതങ്ങളായ കണ്‍ഫ്യൂഷനിസം, ബുദ്ധിസം എന്നിവയുടെ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ബൈബിള്‍ പുനര്‍വിഭാവനം ചെയ്യുന്നത്. അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ വോയ്സ് ഓഫ് മാര്‍ട്ടിയര്‍ വക്താവായ ടോഡ് നെറ്റില്‍ടണ്‍ ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ബൈബിള്‍ മാറ്റിയെഴുതുമെന്ന് 2019-ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷംകൊണ്ട് ഇതിന്റെ പ്രക്രീയ പൂര്‍ത്തിയാക്കുമെന്നും അന്ന് പറഞ്ഞിരുന്നതായും നെറ്റില്‍ട്ടന്‍ ഓര്‍മ്മപ്പെടുത്തുന്നു. ബൈബിള്‍ ഒരു സോഷ്യലിസ്റ്റ് മൂല്യമുള്ള പ്രാസ്ഥാനമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന്റെ പ്രാരംഭ നടപടിയെന്നോണം 2020 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഹൈസ്ക്കൂള്‍ പാഠപുസ്തകത്തില്‍ ബൈബിളിലെ യോഹന്നാന്റെ സുവിശേഷം 8-ാം അദ്ധ്യായത്തിലെ സംഭവ കഥ മാറ്റിയെഴുതിയ കാര്യവും ഓര്‍പ്പിച്ചു.

ശാസ്ത്രിമാരും പരിശന്മാരും വ്യഭിചാരത്തില്‍ പിടിച്ചിരുന്ന ഒരു സ്ത്രീയെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. മോശെ ന്യായപ്രമാണത്തില്‍ പറഞ്ഞതു പ്രകാരം ഇങ്ങനെയുള്ളവരെ കല്ലെറിയണം എന്നുള്ള കല്‍പ്പന ഓര്‍പ്പിച്ചപ്പോള്‍ “നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലെറിയട്ടെ” എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ ഓരോരുത്തരായി അവിടം വിട്ടു പോയപ്പോള്‍ ‍, സ്ത്രീയേ, അവര്‍ എവിടെ നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ എന്നു ചോദിച്ചതിനു ഇല്ല എന്നു അവള്‍ മറുപടി പറഞ്ഞപ്പോള്‍ ‍, ഞാനും നിന്നെ ശിക്ഷ വിധിക്കുന്നില്ല, പോക, ഇനി പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു.

എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ വ്യാഖ്യാനം വിചിത്രവും ദൈവവചനത്തിനു ഘടക വിരുദ്ധവുമാണ്. സ്ത്രീയെ കല്ലെറിയുന്ന സാഹചര്യം നിര്‍ത്തിയശേഷം ‘ഞാനും ഒരു പാപി’ എന്നു യേശു പറഞ്ഞതായാണ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്.

ഇതിലൂടെ യേശുവിന്റെ ദൈവത്വത്തെ ഇടിച്ചു താഴ്ത്തുക എന്ന ഗുഢ ലക്ഷ്യമാണെന്നും പുതു തലമുറ ഇത്തരം അസത്യങ്ങളില്‍ വിശ്വസിക്കുകയും അവര്‍ മറ്റൊരു ചിന്താഗതിയില്‍ അമര്‍ന്നു പോകുമെന്നും നെറ്റില്‍ട്ടണ്‍ മുന്നറിയിപ്പു നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.