പാക്കിസ്ഥാനില്‍ രണ്ടു സുവിശേഷകര്‍ക്കെതിരെ മതനിന്ദാ കേസ്

പാക്കിസ്ഥാനില്‍ രണ്ടു സുവിശേഷകര്‍ക്കെതിരെ മതനിന്ദാ കേസ്

Breaking News Global

പാക്കിസ്ഥാനില്‍ രണ്ടു സുവിശേഷകര്‍ക്കെതിരെ മതനിന്ദാ കേസ്
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ തെരുവില്‍ സുവിശേഷം പങ്കുവെച്ചതിന് രണ്ടു സുവിശേഷകര്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തു.

ലാഹോറിലെ മോഡല്‍ ടൌണില്‍ തെരുവില്‍ ഒരു മുസ്ളീമിനോട് സുവിശേഷം പങ്കുവെച്ച ഹാരൂണ്‍ അയൂബ് മസി, സലാമത് മാന്‍ഷ മസി എന്നീ സുവിശേഷകരെയാണ് പെലീസ് അറസ്റ്റു ചെയ്ത് കേസെടുത്തത്. ഇരുവരും യേശുക്രിസ്തുവിനെക്കുറിച്ച് പരസ്യമായി പ്രസംഗിച്ചു. അതിനുശേഷം ആളുകള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തു.

‘ജീവജലം’ എന്നെഴുതിയ ലഘുലേഖയാണ് കൊടുത്തത്. ഈ സമയത്ത് ഹാരൂണ്‍ അഹമ്മദ് എന്ന മുസ്ളീമും ഇയാളുടെ സുഹൃത്തുക്കളും അവിടെയെത്തി. ലഘുലേഖ വായിച്ചശേഷം സുവിശേഷകരുമായി സംവാദം നടത്തി. യേശുക്രിസ്തുവിന്റെ ദൈവത്വവും പ്രവാചക സ്ഥാനവും സുവിശേഷകര്‍ വിശദീകരിച്ചു. ഈ ഉദ്യമത്തെ ഇസ്ളാം മതത്തെയും അവരുടെ ഖുറാനെയും ഇടിച്ചു താഴ്ത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി പേലീസ് അറസ്റ്റു ചെയ്തത്.

സുവിശേഷകരെ പാക്കിസ്ഥാന്‍ പീനല്‍ കോഡ് മതനിന്ദാ സെക്ഷന്‍ പരിധിയില്‍ 295 എ, 295 ബി, 295 സി വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും മതനിന്ദ നടത്തിയെന്നു സ്ഥാപിച്ച് കുറ്റം കണ്ടെത്തിയാല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്.

പാക്കിസ്ഥാനിലെ വിവാദ മതനിന്ദാ കുറ്റ നിയമം 1987-ലാണ് പ്രാബല്യത്തില്‍ വന്നത്. ഇതുവരെയായി 1534 പേര്‍ക്കെതിരെ മതനിന്ദാ കുറ്റം ആരോപിച്ച് കേസെടുത്തിട്ടുണ്ട്. ഇതില്‍ 24 ക്രൈസ്തവര്‍ പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. നിസ്സാര കാര്യത്തിനു പ്രവാചക നിന്ദയും മതനിന്ദയും ചുമത്തി കേസെടുക്കുന്ന പ്രാകൃത നടപടിയാണ് പാക്കിസ്ഥാനില്‍ കണ്ടുവരുന്നതെന്ന് വലിയ പരാതികളുണ്ട്.