ഭൂമിയുടെ അച്ചുതണ്ട് ചെരിയുന്നു, പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യയെന്ന് ഗവേഷകര്‍
മനുഷ്യന്റെ അമിതമായ ഇടപെടല്‍ മൂലം ഭൂമിയുടെ അച്ചുതണ്ട് ചെരിയുന്നതായി ഗവേഷകര്‍. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഭൂമിയുടെ അച്ചുതണ്ടില്‍ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് കണ്ടെത്തല്‍.
സിയോള്‍ ദേശീയ സര്‍വ്വകലാശാലയിലെ കീവിയോണ്‍ സിയോയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഭൂമിയില്‍ ഭൂഗര്‍ഭ ജലത്തിന്റെ കുറവ് ഭ്രമണത്തിന്റെ അച്ചുതണ്ടിനോട് ചേര്‍ന്ന ഭാഗത്തെ 80 സെന്റീമീറ്റര്‍ കിഴക്കോട്ടേക്ക് നീക്കിയതായാണ് തെളിഞ്ഞത്.
1993 മുതല്‍ 2010 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ഈ സമയത്ത് മനുഷ്യന്റെ അമിതമായ ഭൂഗര്‍ഭ ജല ഉപയോഗം ഭൂമിയില്‍ ആകെയുള്ള ഭൂഗര്‍ഭ ജല അളവില്‍ മാറ്റം വരുത്തി.
2150 ജിഗാടണ്‍ ഭൂഗര്‍ഭ ജലം ഈ സമയത്ത് മനുഷ്യന്‍ പമ്പ് ചെയ്ത് പുറത്തെടുത്തു. ഇത്രയധികം ജലം പുറത്തെടുത്തത് ഭൂമിയില്‍ സമുദ്ര നിരപ്പ് 0.24 ഇഞ്ച് കൂടാന്‍ ഇടയായി. ഇത് ഭൂമിയുടെ അച്ചുതണ്ട് ഭാര വ്യതിയാനത്തില്‍ പ്രതിവര്‍ഷം 4.36 സെന്റീമീറ്റര്‍ നീങ്ങാന്‍ കാരണമായി.
മഞ്ഞുപാളികള്‍ ഉരുകുന്നതിനേക്കാള്‍ ഗൌരവകരമായ പ്രതിഭാസമാണ് ഇത്തരത്തില്‍ അച്ചുതണ്ട് നീങ്ങുന്നത്. ഭൂഗര്‍ഭ ജലം വലിച്ചെടുക്കുന്നതില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍.
പടിഞ്ഞാറന്‍ വടക്കേ അമേരിക്കയിലും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലുമാണ് ഇത്തരത്തില്‍ ഭൂഗര്‍ഭ ജലം എടുക്കുന്നതില്‍ മുന്നില്‍. ഭൂമിയുടെ കാലാവസ്ഥയില്‍ ഈ ഭൂഗര്‍ഭ ജല ചൂഷണം കാരണമുള്ള ചെരിവ് വഴി പ്രശ്നങ്ങളൊന്നും ഉണ്ടാകുകയില്ല.
എന്നാല്‍ തുടരെ ഇത്തരത്തില്‍ ജല ചൂഷണം നടത്തിയാല്‍ ഭാവിയില്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ സുസ്ഥിരമായ ജല പരിപാലന രീതിയുടെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാന്‍ ഈ പഠനം നമ്മെ ഓര്‍പ്പിക്കുന്നു.

