യുദ്ധഭൂമിയില്‍ സൈനികര്‍ അപ്രത്യക്ഷമാകും; കൃത്രിമ ചര്‍മ്മം അവതരിപ്പിച്ച് കൊറിയ

യുദ്ധഭൂമിയില്‍ സൈനികര്‍ അപ്രത്യക്ഷമാകും; കൃത്രിമ ചര്‍മ്മം അവതരിപ്പിച്ച് കൊറിയ

Asia Breaking News

യുദ്ധഭൂമിയില്‍ സൈനികര്‍ അപ്രത്യക്ഷമാകും; കൃത്രിമ ചര്‍മ്മം അവതരിപ്പിച്ച് കൊറിയ
സോള്‍ ‍: യുദ്ധഭൂമിയില്‍ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് സുരക്ഷിതരാവാന്‍ സഹായിക്കുന്ന കൃത്രിമ ചര്‍മ്മം അവതരിപ്പിച്ച് ദക്ഷിണകൊറിയന്‍ ഗവേഷകര്‍ ‍.

ഇത് ധരിക്കുന്ന സൈനികരെ തെര്‍മല്‍ ക്യാമറകള്‍ വഴി ശത്രുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അഞ്ചു നിമിഷത്തിനകം ചുറ്റുമുള്ള പ്രകൃതിക്കനുസരിച്ച് ഊഷ്മാവില്‍ മാറ്റം വരുത്തി തെര്‍മല്‍ ക്യാമറകള്‍ക്ക് കാണുവാന്‍ സാധിക്കാത്ത നിലയിലേക്ക് മാറുന്ന കൃത്രിമ ചര്‍മ്മമാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.

പല ഭാഗങ്ങളായി നിര്‍മ്മിക്കുന്ന ഇവ ധരിക്കുന്നതോടെ ശത്രു സൈന്യത്തിന്റെ കാഴ്ചയില്‍നിന്നും അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. പിക്സലൈസ്ഡ് സ്ക്രീനും അവയ്ക്കുള്ളില്‍ ഊഷ്മാവില്‍ മാറ്റം വരുത്താന്‍ പ്രാപ്തിയുള്ള തെര്‍മോക്രോമിക് ലിക്യുഡ് ക്രിസ്റ്റലുകളും ചേര്‍ന്നാണ് ഈ കൃത്രിമ ചര്‍മ്മം നിര്‍മ്മിക്കുന്നത്.

പ്രത്യേക തരം മൈക്രോ ക്യാമറയുടെ സഹായത്താലാണ് ചുറ്റുമുള്ള പ്രകൃതിയെ തിരിച്ചറിഞ്ഞ് അതില്‍ അലിഞ്ഞു ചേരാന്‍ ഈ കൃത്രിമ ചര്‍മ്മത്തിനു സാധിക്കുന്നതെന്ന് ഗവേഷക സംഘം പറയുന്നു. ചുറ്റുമുള്ള വസ്തുക്കളുടെ നിറങ്ങള്‍ക്കനുസരിച്ച് സ്വയം നിറം മാറാന്‍ സഹായിക്കുന്ന സെഫാലോപോഡ് വിഭാഗത്തില്‍പ്പെടുന്ന ജീവികള്‍നിന്നും പ്രചേദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗവേഷകര്‍ ഈയൊരു വിദ്യ വികസിപ്പിച്ചെടുത്തത്.

അഡ്വാന്‍സ്ഡ് ഫങ്ഷണല്‍ മെറ്റീരിയല്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചുറ്റുമുള്ള വസ്തുക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഊഷ്മാവില്‍ മാറ്റം വരുത്തി തെര്‍മല്‍ ക്യാമറകളില്‍നിന്നും രക്ഷപെടാനുള്ള വിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മനുഷ്യ ശരീരത്തോടു ചേര്‍ന്നു നില്‍ക്കാവുന്ന രീതിയില്‍ വളയ്ക്കാനും മറ്റും സാധിക്കുന്ന തരം വസ്തുക്കളാണ് ഈ കൃത്രിമ ചര്‍മ്മത്തിന്റെ നിര്‍മ്മാണത്തിനു ഉപയോഗിച്ചിരിക്കുന്നത്. ഈ ചര്‍മ്മത്തിനുള്ളിലെ തെര്‍മോ ഇലക്ട്രിക് യൂണിറ്റ് വഴി ആവശ്യമുള്ള സമയത്ത് ചൂടാവുകയോ, തണുപ്പാവുകയോ ചെയ്യാനാവും.

ഈ ഊഷ്മാവിലെ മാറ്റത്തിനനുസരിച്ച് ചുവപ്പ്, പച്ച, നീല നിറങ്ങളും മാറി മറിയുമത്രെ. കൈപ്പത്തിക്കുള്ളില്‍ ഈ കൃത്രിമ ചര്‍മ്മം വച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ സോള്‍ സര്‍വ്വകലാശാലയിലെ സ്യോങ് വാന്‍ കൊ പറയുന്നു.