കൊടും തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞിന്റെ രക്ഷകനായത് തെരുവ് പൂച്ച
മോസ്ക്കോ: കൊടും തണുപ്പില്‍ നിന്ന് രക്ഷനേടാനായി മാതാപിതാക്കള്‍ തങ്ങളുടെ സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയപ്പോള്‍ കുഞ്ഞിന്റെ രക്ഷകനായത് തെരുവു പൂച്ച.
റഷ്യയിലെ കലൂഗയിലുള്ള ഒബ്നില്സക്ക് പട്ടണത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്. ഒരു അപ്പാര്‍ട്ട്മെന്റിലേക്കുള്ള പടിക്കെട്ടിന് മുന്നിലാണ് ജനുവരി 1ന് രാത്രി പന്ത്രണ്ട് ആഴ്ച മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ സ്വന്തം മാതാപിതാക്കള്‍ ഉപേക്ഷിച്ചു കടന്നത്. അന്നത്തെ താപനില വെറും പൂജ്യം ഡിഗ്രിയില്‍ താഴെയും. തണുത്ത് വിറച്ച് വാവിട്ട് നിലവിളിച്ച കുരുന്നിന്റെ കരച്ചില് കേള്‍ക്കുവാന്‍ മനുഷ്യ ജീവികളാരും സമീപത്തില്ലായിരുന്നു.
എന്നാല്‍ ഒരു തെരുവു പൂച്ച കുഞ്ഞിന്റെ നിലവിളി കേട്ട് അടുത്തുവന്നു എന്നിട്ട് ആദ്യം തന്നെ ഫസ്റ്റ് എയ്ഡ് ശുശ്രൂഷ നല്കി മാതൃസ്നേഹം കാട്ടുകയായിരുന്നു. 3 വര്‍ഷമായി അപ്പാര്‍ട്ട്മെന്റിനു പുറത്തുള്ള തെരുവില്‍ ഒരു കാര്‍ഡ് ബോക്സിലാണ് മാഷ എന്ന ഈ പൂച്ച താമസിച്ചിരുന്നത്. വെളുപ്പിനെ മാഷയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ട് അവള്‍ക്ക് എന്തോ അപകടം സംഭവിച്ചു എന്നു കരുതി അടുത്തുവന്ന ദേസധാ മഖോവിക്കോവ എന്ന സമീപവാസി ആ രംഗം കണ്ട് അമ്പരന്നു പോയി.
ഒരു കുഞ്ഞിനെയും അതിനെ നക്കി തുടയ്ക്കുന്ന പൂച്ചയേയും കണ്ടു. കുഞ്ഞിന് ഒരു രാത്രി മുഴുവന്‍ ചൂടു നല്കിയ ശേഷം മാഷ സഹായത്തിനായി ഉച്ചത്തില്‍ കരയുകയായിരുന്നുവെന്നു മഖോവിക്കോവ പറഞ്ഞു. വൃത്തിയായി വസ്ത്രം ധരിച്ചിരുന്ന കുഞ്ഞിനെ മഖോവിക്കോവ അറിയിച്ച പ്രകാരം ആംബുലന്‍സില്‍ കയറ്റി നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഈ സമയം കരഞ്ഞുകൊണ്ട് മാഷ ആംബുലന്‍സിനു പിറകേ ഓടി. തുടര്‍ന്ന് കുഞ്ഞിനെകാത്ത് മണിക്കൂറുകളോളം വഴിവക്കില്‍ കാത്തുനിന്ന കാഴ്ച ഏവരേയും കരളലിയിച്ചു. കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവാനായി ആശുപത്രിയില്‍ കഴിയുന്നു. മാതാപിതാക്കളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

