അക്സാരേ: 11 ആം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ബൈബിള്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരെ തുര്‍ക്കിയില്‍ പോലീസ് അറസ്റ്റു ചെയ്തു.
പ്രമുഖ നഗരമായ അക്സാരേയില്‍ കലമാന്‍റെ തോലില്‍ രേഖപ്പെടുത്തിയ പുരാതന ബൈബിളാണ് പോലീസ് പിടിച്ചെടുത്ത്. പ്രതികളുടെ പൂര്‍ണ്ണമായ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. എങ്കിലും എസ്ജി (53), സിയു (42) എന്നീ പേരുകളാണ് പിടിക്കപ്പെട്ടവര്‍ക്ക് ഇട്ടിരിക്കുന്നത്. ഇവര്‍ ബൈബിള്‍ വില്‍ക്കാനായി പോകുന്നു എന്ന വിവരം ലഭിച്ച പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ബൈബിളിന്‍റെ പുറം ചട്ടയില്‍ കുരിശിന്‍റെ രൂപവും ഉണ്ടായിരുന്നു. ബൈബിളിന്‍റെ 20 പേജുകള്‍ മാത്രമേ ഇപ്പോള്‍ ശരിയായ രീതിയില്‍ അവശേഷിക്കുന്നുള്ളു. ബാക്കി പേജുകള്‍ക്ക് കേടുപാടുകള്‍ വന്നിട്ടുണ്ട്. അക്സാരേ പട്ടണം തുര്‍ക്കിയിലെ പുരാതന കപ്പദോക്യ റീജിയനിന്റെ ഭാഗമാണ്.
ഇവിടം നാലാം നൂറ്റാണ്ടു മുതല്‍ ക്രിസ്ത്യാനികളുടെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ 11 ആം നൂറ്റാണ്ടില്‍ ഇസ്ലാം മതം തുര്‍ക്കിയില്‍ ശക്തമായപ്പോള്‍ ആക്രമണങ്ങളെ ഭയന്ന് ക്രൈസ്തവര്‍ പാലായനം ചെയ്തതിനാല്‍ പിന്നീടുള്ള ക്രൈസ്തവരുടെ ജീവിതം ഇവിടെ ക്ഷയിച്ചിരുന്നു.
പുരാതന കൃതികളും വസ്തുക്കളും സ്വകാര്യ വ്യക്തികള്‍ കൈവശം വെയ്ക്കുവാന്‍ പാടില്ല. പിടിച്ചെടുത്ത ബൈബിള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

