മതപരിവര്‍ത്തനം തടയാന്‍ രണ്ടു എം.പി.മാര്‍ സ്വകാര്യ ബില്‍ കൊണ്ടുവരുന്നു
ലക്നൌ: ഇന്ത്യയില്‍ മതപരിവര്‍ത്തനം തടയാന്‍ രണ്ടു ബി.ജെ.പി. എം.പിമാര്‍ സ്വകാര്യ ബില്‍ കൊണ്ടുവരും.
എം.പി.മാരായ യോഗി ആദിത്യനാഥ്, തരുണ്‍ വിജയ് എന്നിവരാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. യോഗി ആദിത്യനാഥ് ലോക് സഭയിലും, തരുണ്‍ വിജയ് രാജ്യ സഭയിലും ബില്‍ അവതരിപ്പിക്കും.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഗോരഖ്പൂരില്‍ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് എം.പി.മാര്‍ ഇക്കാര്യം അറിയിച്ചത്.
ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യിക്കുന്നത് തടയുവാന്‍ ഒരു നിയമം ആവശ്യമാണെന്ന് തരുണ്‍ വിജയ് പറഞ്ഞു. മതപരിവര്‍ത്തനം തടയുന്നതിനുള്ള ബില്ലിന് മറ്റ് പാര്‍ട്ടികളില്‍നിന്നുള്ള എം.പി.മാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും തരുണ്‍ വിജയ് അവകാശപ്പെട്ടു.
എന്നാല്‍ പിന്തുണ അറിയിച്ച എം.പി.മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. മതപരിവര്‍ത്തനം മൂലം ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുകയാണ്. ഇതിന് ഉദാഹരണമാണ് ജമ്മു കാഷ്മീരെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

