ഇഴയടുപ്പം : ഭക്തിയുടെ സുഗന്ധം ചുറ്റും പരത്തിയ രണ്ട് പ്രിയപ്പെട്ട അമ്മമാർ (ജോർജ് മാത്യു പുതുപ്പള്ളി)

ഇഴയടുപ്പം : ഭക്തിയുടെ സുഗന്ധം ചുറ്റും പരത്തിയ രണ്ട് പ്രിയപ്പെട്ട അമ്മമാർ (ജോർജ് മാത്യു പുതുപ്പള്ളി)

Articles Breaking News

ഇഴയടുപ്പം : ഭക്തിയുടെ സുഗന്ധം ചുറ്റും പരത്തിയ രണ്ട് പ്രിയപ്പെട്ട അമ്മമാർ (ജോർജ് മാത്യു പുതുപ്പള്ളി)
ജോർജ് മാത്യു പുതുപ്പള്ളി
(Sydney, Australia)

90 വയസിനു മുകളിൽ പ്രായമുള്ള മുഖശോഭയുള്ള കൂടുതൽ അപ്പച്ചന്മാരെയും അമ്മച്ചിമാരെയും ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ആസ്‌ട്രേലിയയിലാണ്. അവർ ഷോപ്പിംഗ് മാളിൽനിന്നും സാധനങ്ങൾ വാങ്ങി കാറിന്റെ ഡിക്കിയിൽവച്ച് സ്വയം കാറോടിച്ചു പോകുന്നതു കണ്ട് ഞാൻ അന്തംവിട്ടു നിന്നിട്ടുണ്ട്.

എന്നെ നോക്കി ചില അമ്മച്ചിമാർ പുഞ്ചിരിച്ച് കൈവീശി കാണിക്കുമ്പോൾ അവരുടെ ചുളിവ് വീണ മുഖങ്ങളിലെ ശോഭ എന്നെ ഗൃഹാതുരസ്മരണകളിലേക്ക് നയിക്കാറുണ്ട്. അപ്രകാരം നൈർമല്യവും നിഷ്കളങ്കതയും കലർന്ന മുഖശോഭയുള്ള പ്രിയപ്പെട്ട രണ്ട് അമ്മമാർ എന്റെ സ്മരണയിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു. അവരുടെ ഫോട്ടോകളാണ് ലേഖനത്തിനൊപ്പം കൊടുത്തിരിക്കുന്നത്.

ആദ്യത്തേത്, ആദരണീയനായ ഉമ്മൻ ചാണ്ടി സാറിന്റെ പ്രിയപ്പെട്ട അമ്മ ബേബിയമ്മയും (ബേബി ചാണ്ടി), രണ്ടാമത്തേത് എന്റെ പ്രിയപ്പെട്ട അമ്മ ‘ഇത്തിരമ്മ’ എന്ന് സ്നേഹത്തോടെ മറ്റുള്ളവർ വിളിച്ചിരുന്ന മറിയാമ്മയും. ബേബിയമ്മക്ക് ഇന്നു ജീവിച്ചിരുന്നെങ്കിൽ 105 വയസും, എന്റെ അമ്മക്ക് 102 വയസും കണ്ടേനെ. ഇരുവരും മരിച്ചത് മാർച്ച്‌ മാസത്തിലാണ്. ബേബിയമ്മ 2006 ലും എന്റെ അമ്മ 2011 ലും മരിച്ചു.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് അമ്മമാരിൽ ഇവർ രണ്ടും ഉൾപ്പെടുന്നു. പ്രിയ ഉമ്മൻ ചാണ്ടി സാറിന്റെ അമ്മ ബേബിയമ്മയുമായി എനിക്ക് രക്തബന്ധമൊന്നുമില്ല, ഉള്ളത് അയൽപക്കബന്ധത്താലുള്ള സ്നേഹബന്ധമായിരുന്നു.

ബേബിയമ്മയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് എന്റെ അഞ്ചാമത്തെ വയസിലാണ്. എന്റെ അമ്മയുടെ കയ്യിൽ തൂങ്ങി ഒരു വെള്ളിയാഴ്ച പുതുപ്പള്ളി പള്ളിയിൽ സന്ധ്യാപ്രാർത്ഥനക്കു പോയപ്പോൾ ബേബിയമ്മയും അന്ന് പള്ളിയിൽ ഉണ്ടായിരുന്നു.

പ്രാർത്ഥന കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്കു മടങ്ങിയത് ബേബിയമ്മയുടെ കൂടെയാണ്. പിന്നീട് എല്ലാ വെള്ളിയാഴ്ചയിലും പള്ളിയിൽ പ്രാർത്ഥിക്കാൻ പോകുമ്പോൾ ബേബിയമ്മയുടെ കൂടെ എന്റെ അമ്മയും ഞാനും കാണും. അതൊരു വലിയ ആത്മീയ സൗഹൃദമായി വളർന്നു.

എളിമയുടെയും വിനയത്തിന്റെയും താഴ്മയുടെയും ഭക്തിയുടെയും വിളനിലമായിരുന്നു ബേബിയമ്മ. അഹങ്കാരം എന്തെന്ന് അവർക്ക് അറിയില്ലായിരുന്നു. എന്റെ അമ്മയും വളരെ ഭക്തയായ ഒരു സ്ത്രീയായിരുന്നു. മരിക്കുന്നതുവരെയും ഇരുവരുടെയും സൗഹൃദം നിലനിന്നിരുന്നു.

ഞാൻ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിച്ചത് ഉമ്മൻ ചാണ്ടി സാറിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വി ജെ ഉമ്മൻ മെമ്മോറിയൽ യു പി സ്‌കൂളിലായിരുന്നു. ‘ഉമ്മച്ചൻ സ്കൂൾ’ എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്. വീട്ടിൽനിന്നും വാഴയിലയിൽ അമ്മ തന്നുവിടുന്ന പൊതിച്ചോറു കഴിക്കുന്നത് ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ ഇരുന്നായിരുന്നു. ബേബിയമ്മക്ക് എന്നോട് ഏറെ വാത്സല്യമായിരുന്നു.

ഞാൻ ചോറു കഴിക്കുമ്പോൾ രുചികരമായ കറികൾ ബേബിയമ്മ എന്റെ ഇലയിൽ ഇടുമായിരുന്നു. ആ കറികളുടെ സ്വാദ് ഇന്നും എന്റെ നാവിൻതുമ്പിലുണ്ട്.

ഞാൻ വൈദികപട്ടമേറ്റ് ആദ്യകുർബാന ചൊല്ലുമ്പോൾ ബേബിയമ്മയും പള്ളിയിൽ വന്നിരുന്നു. ബേബിയമ്മക്ക് ഞാൻ കുർബാനയപ്പവും വീഞ്ഞും നൽകുമ്പോൾ സ്നേഹാധിക്യത്താൽ അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നത് ഇന്നും ഞാൻ ഓർക്കുന്നു.

ബേബിയമ്മ മരിക്കുമ്പോൾ ഞാൻ പ്രസംഗിക്കുവാൻ ഷാർജയിൽ ആയിരുന്നെന്നാണ് ഓർമ. ഇതു പോലെയുള്ള അമ്മമാർക്ക് നമ്മുടെ നാട്ടിൽ വംശനാശം സംഭവിക്കുന്നതാണ് ഇന്നു കാണുന്നതു പോലുള്ള അനിഷ്ട സംഭവങ്ങൾ രാജ്യത്ത് പെരുകുവാനുള്ള പ്രധാന കാരണമെന്ന് എനിക്കു തോന്നുന്നു.

ആസ്‌ട്രേലിയയിലെ ഒരു ഷോപ്പിംഗ് മാളിൽ ഇരിക്കുമ്പോൾ ഓമനത്തം തോന്നിക്കുന്ന പല്ലില്ലാത്ത ചില അമ്മച്ചിമാർ എന്റെ മുമ്പിലൂടെ നടന്നുപോയി. അവരെ കണ്ടപ്പോൾ ഗൃഹാതുരചിന്തകളാൽ
എന്റെ വിരലുകൾ പൂർവകാല
സ്മരണകളിൽ ചിലതു പെറുക്കിയെടുത്ത് അക്ഷരങ്ങളിലാക്കിയെന്നു മാത്രം.

(വാട്സ്ആപ്പ് : 98474 81080)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.