കോടീശ്വരനായ ഭിക്ഷക്കാരന്‍ പിടിയില്‍; സ്പോട്ടില്‍ എത്തുന്നത് സ്വന്തം കാറില്‍
ഇന്‍ഡോര്‍: മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ പിടിയിലായത് കോടിയുടെ ആസ്ഥിയുള്ള ഭിക്ഷക്കാരന്‍. ഭഗത്സിംഗ് നഗര്‍ സ്വദേശിയായ മന്‍കിലാല്‍ ആണ് കോടികള്‍ മൂല്യമുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
ഇയാള്‍ ഭിക്ഷയെടുത്താണ് ഇത്രയും ആസ്ഥിയുള്ള കോടീശ്വരനായതെന്നാണ് വിവരം. ഭിക്ഷാടകരില്ലാത്ത ഇന്‍ഡോര്‍ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സറാഫാ ഭാഗത്തു ഭിക്ഷ യാചിച്ചിരുന്ന ഇയാളെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് തന്റെ ആസ്ഥികളുടെ ചുരുള്‍ വെളിപ്പെടുത്തിയത്.
കുഷ്ഠ രോഗിയായ ഇയാള്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ചതുരപ്പലകയില്‍ ഭിക്ഷയാചിച്ചു വരികയായിരുന്നു. കാലുകള്‍ക്ക് ചലനശേഷി ഇല്ലാത്തതിനാല്‍ കൈകളില്‍ ഷൂസിട്ടുകൊണ്ടാണ് ചക്രവണ്ടി ഉന്തുന്നത്.
നഗരത്തിലെ ഒട്ടുമിക്ക കോണുകളിലും മന്‍കിലാല്‍ ഇങ്ങനെയെത്തും. ദിവസവും ആയിരക്കണക്കിനു രൂപയാണ് ഇതിലൂടെ കിട്ടിയിരുന്നത്.
ഇങ്ങനെ ദിവസവും വന്‍ തുക സമ്പാദിക്കുന്ന മന്‍കിലാല്‍ നേടിയത് കോടികള്‍ വില മതിക്കുന്ന കെട്ടിടങ്ങളാണ്. ഭഗത്സിംഗ് നഗറില്‍ തനിക്കു മൂന്നു നിലയുള്ള വീടും ശിവ് നഗറില്‍ 600 ചതുരശ്ര അടി വിസ്ത്രീര്‍ണ്ണമുള്ള വീടും ഒരു ഫ്ളാറ്റും സ്വന്തമായുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടാതെ നഗരത്തില്‍ തന്റെ തന്നെ മൂന്നു ഓട്ടോ റിക്ഷകള്‍ വാടകയ്ക്ക് ഓടുന്നുണ്ട്. ദിവസവും ഭിക്ഷാടന സ്പോട്ടില്‍ എത്തുന്നത് തന്റെ സ്വന്തമായുള്ള ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ്.
കാറോടിക്കാനായി ഡ്രൈവറേയും നിയമിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് മന്‍കിലാല്‍ ഒരു വീടും തരപ്പെടുത്തിയിരുന്നു.
ഇത്രയൊക്കെ സ്വത്തുക്കളുണ്ടായിട്ടും എഎംഎവൈ പദ്ധതി പ്രകാരം വീട് സ്വന്തമാക്കിയത് നിയമവിരുദ്ധമാണ്. ഇയാള്‍ 5 ലക്ഷം രൂപ പലര്‍ക്കായി വട്ടിപലിശയ്ക്കു നല്‍കിയിട്ടുണ്ട്.
ഇതിന്റെ ദിവസേനയുള്ള വരുമാനം 1200 രൂപയാണ്. ഇയാളെക്കുറിച്ച് കൂടുതല്‍ വസ്തുതകള്‍ അറിയേണ്ടതായുണ്ട്.

