കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു
മുംബൈ: കോവിഡ് 19 മഹാമാരി മൂലം 2021-ല്‍ ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്.
1.6 വര്‍ഷത്തെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ആയുര്‍ദൈര്‍ഘ്യം 2019-ല്‍ 70.4 വര്‍ഷമായിരുന്നത് 2021-ല്‍ 68.8 വര്‍ഷമായാണ് കുറഞ്ഞിരിക്കുന്നത്.
ഡിയോണറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ (ഐഐപിഎസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഈ തിരിച്ചടി ഏകദേശം ഒരു ദശാബ്ദക്കാലത്തെ ആരോഗ്യ നേട്ടങ്ങളെയാണ് ഇല്ലാതാക്കിയത്. മഹാമാരിക്ക് മുമ്പുള്ള 2019-നെ അപേക്ഷിച്ച് 2021-ല്‍ ഇന്ത്യയില്‍ 2.2 ദശലക്ഷം അധിക മരണങ്ങള് രേഖപ്പെടുത്തിയിരുന്നു.
വിവരങ്ങള്‍ വിശകലനം ചെയ്ത 22 സംസ്ഥാനങ്ങളില്‍ 19 സംസ്ഥാനങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവുണ്ടായി. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ കുറവ് രേഖപ്പെടുത്തിയത്.

