നേപ്പാള്‍ പ്രളയ ദുരന്തം: ക്രിസ്ത്യന്‍ ദുരിതാശ്വാസ സംഘങ്ങള്‍ സജീവമായി
ആഗസ്റ്റ് 26-ന് ഹമാലയന്‍ നദീതടങ്ങളിലൂടെ എത്തിയ മിന്നല്‍ പ്രളയം നേപ്പാളിലും ചൈനയിലെ ടിബറ്റ് മേഖലയിലുമായി 675 ഓളം ആളുകളുടെ മരണത്തിനും 1400-ലധികം പേരെ കാണാതാകുവാനും ഇടയായതിനെത്തുടര്‍ന്ന് വിവിധ ക്രിസ്ത്യന്‍ ദുരിതാശ്വാസ സംഘങ്ങള്‍ ദുരിത ബാധിത മേഖലകളില്‍ കൈത്താങ്ങലുമായി രംഗത്തുവന്നു.
നേപ്പാള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈ വെള്ളപ്പൊക്കമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ വിശേഷിപ്പിച്ചു.
നേപ്പാളി ചര്‍ച്ചുകളും അവയിലൂടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ ഏജന്‍സികളും ഭക്ഷണം, വെള്ളം, പാര്‍പ്പിട വസ്തുക്കള്‍ എന്നിവ എത്തിച്ചു തുടങ്ങി.
ദുരിത ബാധിത പ്രദേശത്തുടനീളമുള്ള റോഡുകളും പാലങ്ങളും തകര്‍ന്നു. ഇപ്പോള്‍ നിരവധി സമൂഹങ്ങളിലേക്ക് എത്തുവാന്‍ വിമാന മാര്‍ഗ്ഗം മാത്രമാണ് ഏക പോംവഴി. നേപ്പാളിലെ റസുവ ജില്ലയിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
തിമൂറില്‍ ആറ് ചര്‍ച്ചുകളില്‍ രണ്ടെണ്ണം ഒലിച്ചുപോയി. 125-ഓളം ക്രിസ്ത്യാനികള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ ക്രിസ്ത്യന്‍ സംഘടനകളായ നാഷണല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് ഓഫ് നേപ്പാള്‍, നേപ്പാള്‍ ക്രിസ്ത്യന്‍ സൊസൈറ്റി എന്നിവ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
യു.എസിലെ സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്റെ മാനുഷിക വിഭാഗമായ സെന്‍ഡ് റിലിഫ് ദുരിത ബാധിത മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു.
അരി, പയര്‍, പാചക എണ്ണ, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യ കിറ്റുകളും അണുനാശിനി, പ്രതിരോധ ഗുളികകള്‍, സോപ്പ് എന്നിവ അടക്കം വീടുകളില്‍ എത്തിക്കുന്നുണ്ടെന്ന് സംഘടന പ്രതികരിച്ചു.
അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന സമരിറ്റന്‍ പഴ്സും അടിസ്ഥാന വസ്തുക്കളും സാധനങ്ങളുമായി രംഗത്തു വരികയുണ്ടായി.

