പ്രപഞ്ചം വികസിക്കുന്നത് അതിവേഗത്തിലെന്ന് ശാസ്ത്ര ലോകം
പ്രപഞ്ചം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു ശാസ്ത്രലോകം പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിഗമനത്തിലെത്തിയതാണ്.
ഭൂമിയിലും ആകാശത്തിലുമുള്ള നിരവധി ടെലസ്കോപ്പുകളിലൂടെ കാലങ്ങളായി പ്രപഞ്ചത്തെ നിരീക്ഷിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.
പ്രപഞ്ച നിരീക്ഷണത്തില്‍ നിര്‍ണ്ണായകമായ ഒരു കുതിപ്പാണ് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിന്റെ വരവോടെയുണ്ടായത്.
അതിവിദൂരങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്രാപഞ്ചിക പദാര്‍ത്ഥങ്ങളെ കണ്ടെത്താന്‍ ശേഷിയുള്ള ജെയിംസ് വെബ്ബ് ടെലസ്കോപ്പ് ഇപ്പോള്‍ പ്രപഞ്ച വികാസത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ മുന്‍ ധാരണകളെ തിരുത്തുകയാണെന്ന് പുതിയ പഠനം പറയുന്നു.
പ്രപഞ്ചം വികസിക്കുന്നത് ശാസ്ത്രലോകം കരുതിയതിനേക്കാള്‍ വേഗത്തിലാണെന്നാണ് ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് കണ്ടെത്തിയിരിക്കുന്നത്.
ജെയിംസ് വെബ്ബിന്റെ മുന്‍ഗാമിയായിരുന്ന ഹബ്ബിള്‍ സ്പേസ് ടെലിസ്കോപ്പ് ഇതേ കണ്ടെത്തല്‍ നടത്തിയിരുന്നു. എന്നാല്‍ ഹബ്ബിളിന്റെ ഉപകരണങ്ങളുടെ പോരായ്മയാണോ ഈയൊരു കണ്ടെത്തലിനു കാരണമായതെന്ന സംശയം ഗവേഷകര്‍ക്കുണ്ടായിരുന്നു.
എന്നാല്‍ ജെയിംസ് വെബ്ബും ഈയൊരു കണ്ടെത്തല്‍ നടത്തിയതോടെ സംഭവം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജെയിംസ് വെബ്ബിന്റെ രണ്ടു വര്‍ഷത്തെ ഡാറ്റാ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍.
ഹബ്ബിള്‍ കോണ്‍സ്റ്റന്റ് എന്നാണ് പ്രപഞ്ച വികാസത്തിനെ പറയുന്നത്. ഹബ്ബിള്‍ ടെന്‍ഷന്‍ എന്നാണ് പ്രപഞ്ച വികാസത്തിലുള്ള ഈ വ്യത്യാസത്തെ ശാസ്ത്രം വിശേഷിപ്പിക്കുന്നത്.

