പ്രസംഗത്തിനിടെ പാസ്റ്ററെ വെടിവയ്ക്കാന്‍ ദൈവം തന്നോട് പറഞ്ഞതായി യുവാവ്; പക്ഷെ തോക്ക് നിശ്ചലമായി
പെന്‍സില്‍വാനിയ: യു.എസിലെ പെന്‍സില്‍വാനിയായില്‍ ഞായറാഴ്ച ചര്‍ച്ചിനുള്ളില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റര്‍ക്കു നേരെ തോക്കു ചൂണ്ടി യുവാവ്.
പക്ഷെ ദൈവത്തിന്റെ അത്ഭുത കരം പ്രവര്‍ത്തിച്ചതിനാല്‍ തോക്ക് പെട്ടന്നു തന്നെ നിശ്ചലമായതിനാല്‍ പാസ്റ്റര്‍ മരണത്തില്‍നിന്നും രക്ഷപെടുകയായിരുന്നുവെന്ന് ഇതു സംബന്ധിച്ചു പുറത്തുവിട്ട വീഡിയോ ക്ളിപ്പില്‍ ദൃശ്യമാകുന്നു. മെയ് 5-ന് ജീസസ് ഡ്വെല്ലിംഗ് ചര്‍ച്ചിലാണ് അത്ഭുതകരമായ സംഭവം നടന്നത്.
ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ പ്രസംഗിക്കുകയായിരുന്നു. ഈ സമയം 26 കാരനായ ബര്‍ണാഡ് ജെ പോളിറ്റ് എന്ന യുവാവ് പുള്‍പിറ്റിനു മുന്നിലേക്കു പെട്ടന്നു കടന്നു വരികയും പാസ്റ്റര്‍ക്കു നേരെ തോക്കു ചൂണ്ടുകയുമായിരുന്നു.
ഇതുകണ്ട പാസ്റ്റര്‍ പെട്ടന്നു തന്നെ തന്റെ കൈകള്‍ ഉയര്‍ത്തിപിടിച്ച് തന്റെ പ്രസംഗപീഠത്തിനു പിന്നിലേക്കു ഓടി മറയുന്നു. എന്നാല്‍ യുവാവിനു തോക്കു പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. വെടിയുണ്ട തോക്കിനുള്ളില്‍ കുടുങ്ങിയതിനാല്‍ വെടിവയ്ക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
ഈ സമയം ചര്‍ച്ചിലെ ഡീക്കന്‍ ക്ളാരന്‍സ് മക്കലിസ്റ്റര്‍ ഓടിച്ചെന്ന് പിന്നില്‍നിന്ന് അക്രമിയെ പിടിച്ച് കീഴ്പ്പെടുത്തി ഇതോടൊപ്പം പാസ്റ്ററും മറ്റുള്ളവരുടെ ഒപ്പം ചേര്‍ന്ന് പ്രതിയെ രക്ഷപെടാന്‍ കഴിയാത്തവണ്ണം നിയന്ത്രണത്തിലാക്കുകയായിരുന്നു.
പാസ്റ്ററുടെ ശുശ്രൂഷയും പ്രസംഗവും ഫേസ്ബുക്കില്‍ ലൈവ്സ്ട്രീമായി ചിത്രീകരിച്ചുകൊണ്ടിരുന്നതിനാല്‍ ആക്രമണ രംഗം കൃത്യമായി പകര്‍ത്താനായി.
പ്രതിയെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദൈവം എന്നോട് അത് ചെയ്യാന്‍ പറഞ്ഞു എന്നാണ് പോളിറ്റ് അധികാരികളോട് പറഞ്ഞത്. ജയിലില്‍ പോകാനും ഒക്കെ ഞാന്‍ പദ്ധതിയിട്ടിരുന്നു എന്ന് പ്രതി വെളിപ്പെടുത്തി.
ക്രൂരമായ ആക്രമണം, നരഹത്യ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ട് പ്രതിക്കെതിരെ കേസെടുത്തു. ഞായറാഴ്ചത്തെ സഭാ ആരാധനയുമായി പ്രതിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. താന്‍ സംഗീതം കേട്ട് അകത്തേക്ക് ചെല്ലുവാന്‍ തീരുമാനിച്ചെന്നാണ് അധികാരികളോട് ഇയാള്‍ പറഞ്ഞത്.
സംഭവം ഞെട്ടല്‍ ഉണ്ടാക്കിയെന്നും അത് ഞങ്ങളെ ഒരു ആരാധനാലയം എന്ന നിലയില്‍ കൂടുതല്‍ അടുപ്പിച്ചുവെന്നും ഞങ്ങളെല്ലാം ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടുവെന്നും പാസ്റ്റര്‍ പറഞ്ഞു.
പാസ്റ്ററുടെ ഭാര്യ, മകള്‍, സഹോദരന്‍ ഗാരി ജമ്മേനി എന്നിവരുള്‍പ്പെടെ തന്റെ കുടുംബാംഗങ്ങള്‍ ഞായറാഴ്ചത്തെ ആരാധനയില്‍ ഉണ്ടായിരുന്നതായും അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാത്തതിനു ദൈവത്തിനു നന്ദി പറയുന്നതായും പാസ്റ്റര്‍ ഗ്ളെന്‍ മാധ്യമങ്ങളോടു പറഞ്ഞു.

