കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ (എഡിറ്റോറിയൽ)
കുടുംബകലഹം ഇന്ന് മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ദ്ധിച്ചുവരികയാണല്ലേ. അറിവും ധനവും മാന്യതയുമൊക്കെ വര്‍ദ്ധിക്കുമ്പോഴും കുടുംബകലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
നിസ്സാരകാര്യങ്ങളില്‍ നിന്നും ആരംഭിച്ച് അത് വിവാഹമോചനങ്ങളിലും കൊലപാതകങ്ങളിലും വരെയെത്തുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ജാതിയും മതവും വര്‍ണ്ണവും വത്യാസമില്ലാതെ നടക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം പോരടിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മില്‍ കലഹങ്ങളുണ്ടാകുന്നു.
ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ നമുക്ക് ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കും. ദൈവസ്നേഹം ഇല്ലാതെപോയി എന്ന യാഥാര്‍ത്ഥ്യം.
ബൈബിളില്‍ തന്റെ ഭാര്യയെക്കുറിച്ച് ആദിമമനുഷ്യനായ ആദാമിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍നിന്നും അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു” (ഉല്‍പത്തി 2:23) എന്നാണ്.
ഹവ്വായോട് ദൈവം പറഞ്ഞത്: നീ വേദനയോട് മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോട് ആകും; അവന്‍ നിന്നെ ഭരിക്കും. (3:16) എന്നുമാകുന്നു.
പുതിയനിയമത്തില്‍ അപ്പോസ്തലനായ പൌലോസില്‍കൂടി ദൈവം മാതാപിതാക്കന്‍മാര്‍ക്ക് നല്‍കുന്ന സന്ദേശം ഇപ്രകാരമാണ്. “പിതാക്കന്‍മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റിവളര്‍ത്തുവിന്‍” (എഫേ. 6:4) എന്നാണ്.
അതുപോലെ മക്കളോട് പറയുന്നു: “മക്കളേ, നിങ്ങളുടെ അമ്മയപ്പന്‍മാരെ അനുസരിപ്പിന്‍, അതു ന്യായമല്ലോ” (6:1). മേല്‍ വിവരിച്ച ദൈവീകകല്‍പ്പനകള്‍ എല്ലാം തന്നെ ഒരു കുടുംബത്തിലെ മാതാപിതാക്കളും മക്കളുമൊക്കെ പരസ്പരം അംഗീകരിക്കുകയും അനുസരിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്താല്‍ തങ്ങളുടെ ഭവനങ്ങളില്‍ അസഹിഷ്ണതയോ കലഹങ്ങളോ ഉണ്ടാകുകയില്ലെന്ന് അനേകം നല്ല ക്രൈസ്തവ കുടുംബങ്ങളിലെ ജീവിതരീതികള്‍ വീക്ഷിച്ചാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും.
ഇവരൊക്കെ ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും കര്‍ത്താവിനെ സ്വന്ത രക്ഷിതാവും ദൈവവുമായി അംഗീകരിച്ച് ആരാധിക്കുകയും ചെയ്യുന്നവരാണെന്നതാണ് ഇവരുടെ ജീവിതത്തിന്റെ വിജയരഹസ്യം.
മാതാപിതാക്കള്‍ മക്കളെ ശിക്ഷിച്ചു വളര്‍ത്തുക മാത്രമല്ല മക്കളുടെ മുന്‍പില്‍ നല്ല മാതൃകയുള്ള മാതാപിതാക്കളായി ജീവിക്കുകയും വേണം. ഇങ്ങനെയുള്ള മക്കളാണ് നല്ല പൌരന്‍മാരായിത്തീരുന്നത്.
അല്ലാതെ മാതൃകകാട്ടാതെ മക്കളെ അടിച്ചമര്‍ത്തി വളര്‍ത്തിയാല്‍ അവര്‍ വളര്‍ന്നുവരുമ്പോള്‍ മാതാപിതാക്കളെ ബഹുമാനിക്കണമെന്നില്ല. ദൈവവചനം ഹൃദയത്തില്‍ പകര്‍ന്നു ലഭിക്കുമ്പോഴാണ് ദൈവീകഭയവും, ബഹുമാനവും, സ്നേഹവുമൊക്കെ പ്രകടമാകുവാന്‍ ഇടയാകുന്നത്.
ഇങ്ങനെയുള്ളവര്‍ കോപിഷ്ഠരും സംശയരോഗികളും കൊലപാതകികളും ആകുകയില്ലെന്ന് ബൈബിള്‍ തെളിയിച്ചുതരുന്നു. ദൈവം നമ്മെ പരിപാലിക്കുന്ന ദൈവമാണ്. നിശ്ചയമായും നമ്മെ സഹായിക്കും.
പാസ്റ്റര്‍ ഷാജി. എസ്.