മതപരിവര്‍ത്തനം ആരോപിച്ച് യു.പിയില്‍ ആറ് ക്രിസ്ത്യന്‍ യുവതികളെ ജയിലിലടച്ചു
ലക്നൌ: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ആറ് ക്രിസ്ത്യന്‍ യുവതികളെ പോലീസ് അറസ്റ്റു ചെയ്തു.
ജൂലൈ 30-ന് അസംഗഢ് ജില്ലയിലെ മഹാരാജ്ഗഞ്ചില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് ഇന്ദ്രകല, സുഭാഗിദേവി, സാധ്ന, സവിത, അനിത, സുനിത എന്നിവരെ അറസ്റ്റു ചെയ്തത്. വിഷ്ണു നഗറില്‍ പിപ്രി ഗ്രാമത്തില്‍ നന്ദ്ര കല എന്ന സ്ത്രീയുടെ മകന്റെ പിറന്നാള്‍ ആഘോഷം നടത്തുവാന്‍ ഒത്തുകൂടിയവരായിരുന്നു ഇവര്‍ .
ഇതിനെ മതപിരവര്‍ത്തനത്തിനുവേണ്ടി ഒത്തുകൂടി എന്ന് ആരോപിച്ച് വിഎച്ച്പി ബ്ളോക്ക് പ്രസിഡന്റ് അഷുതോഷ് സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തത്.
പിറന്നാള്‍ ആഘോഷത്തിന്റെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് സ്ഥലത്ത് നടക്കുന്നതെന്ന് അഷുതോഷ് പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. പിറന്നാള്‍ ആഘോഷം മതപരിവര്‍ത്തന പരിപാടിയായി ചൂണ്ടിക്കാട്ടുകയായിരുന്നുവെന്ന് യുവതികളുടെ അഭിഭാഷകനും ബന്ധുക്കളും പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
ഇവര്‍ പണം നല്‍കി മറ്റുള്ളവരെ വശീകരിക്കുകയായിരുന്നുവെന്നും യേശു പറഞ്ഞതുപോലെ അവര്‍ കൈകള്‍ ഉയര്‍ത്തി ദളിത് സ്ത്രീകളെ മതം മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുമാണ് അവിടെ നടന്നതെന്നുമാണ് അഷുതോഷിന്റെ ആരോപണം.
യു.പി.യിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനം, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് ആറുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിനെ തുടര്‍ന്ന് പ്രത്യേക കീഴ്കോടതിയില്‍ ഹാജരാക്കിയ യുവതികളുടെ ജാമ്യം നിഷേധിക്കുകയായിരുന്നു.
കേസില്‍ ഈ മാസം 16-ന് വീണ്ടും വാദം കേള്‍ക്കും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ അംഗങ്ങളാണ് 6 പേരും. ഇവരുടെ മോചനത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

