കേന്ദ്ര ന്യൂനപക്ഷ പദ്ധതികളില്‍ ഫണ്ടും എണ്ണവും കുറച്ചു
ന്യൂഡെല്‍ഹി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പല പദ്ധതികളുടെയും ഗുണഭോക്താക്കളുടെ എണ്ണവും അനുവദിക്കുന്ന ഫണ്ടും 2019-20 മുതല്‍ 2021-22 വരെയുള്ള മൂന്നു വര്‍ഷംകൊണ്ട് കുറഞ്ഞതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ എം ബദറുദീന്‍ അജ്മലിന്റെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
ചില പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഫണ്ട് വിഹിതം കുറഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിനായി നടപ്പിലാക്കിയ കേന്ദ്ര പദ്ധതികള്‍ക്ക് കീഴില്‍ അനുവദിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവുമാണ് ബദറുദീന്‍ അജ്മല്‍ ചോദിച്ചത്.
ക്രിസ്ത്യാനികള്‍ , മുസ്ളീങ്ങള്‍ , സിഖുകാര്‍ , ബുദ്ധമതക്കാര്‍ , പാഴ്സികള്‍ , ജൈനര്‍ എന്നിങ്ങനെ 6 പ്രമുഖ ന്യൂനപക്ഷ സമുദായങ്ങളാണ് രാജ്യത്തുള്ളത്. ഇവര്‍ക്കായി ആവിഷ്ക്കരിച്ച നിരവധി സ്കോളര്‍ഷിപ്പുകളിലും, കോച്ചിംഗ് സ്കീമുകളിലും ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞു.
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ എണ്ണം 2019-20-ല്‍ 7.43 ലക്ഷമായിരുന്നത് 2021-22-ല്‍ 7.14 ലക്ഷമായി കുറഞ്ഞു. അനുവദിച്ച ഫണ്ട് ഇക്കാലയളവില്‍ 482.65 കോടിയില്‍നിന്ന് 465.73 കോടിയായി കുറഞ്ഞു.
മൌലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്കീമിന്റെ ഫണ്ട് 25 ശതമാനത്തോളം കുറഞ്ഞു. ഫണ്ട് 100 കോടിയില്‍നിന്നും 74 കോടിയായി കുറഞ്ഞു. ബീഗം ഹസ്രത്ത് മഹല്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് സ്കീമില്‍ രണ്ട് വര്‍ഷമായി ഫണ്ട് 165.20 കോടി രൂപയില്‍നിന്ന് 91.60 കോടിയായി കുറഞ്ഞു.
അതുപോലെ യു.പി.എസ്.സിഎസ്. എസ്സി, പിഎസ് സി പരീക്ഷയില്‍ പങ്കെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച നയി ഉഡാന്‍ പദ്ധതിയില്‍ പണ്ട് വിഹിതം 8.01 കോടിയില്‍നിന്നും 7.97 കോടിയായി കുറഞ്ഞു.

