മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്നു
ലാഗോസ്: നൈജീരിയായില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ അതിക്രൂരമായി കൊലപ്പെടുത്തി.
വടക്കന്‍ നൈജീരിയായില്‍ സോകോടോയിലെ ഷെഹുഷാഗരി കോളേജ് വിദ്യാര്‍ത്ഥിനിയായ ദെബോര യാക്കൂബാണ് കൊല്ലപ്പെട്ടത്.
സമൂഹ മാധ്യമത്തിലെ പോസ്റ്റിന്റെ പേരില്‍ സഹവിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
സ്കൂളിലെ സുരക്ഷാ മുറിയില്‍ ഒളിച്ച ദെബോരയെ ബലം പ്രയോഗിച്ച് അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞ് പുറത്തെത്തിച്ചശേഷം മര്‍ദ്ദിച്ചു കല്ലെറിഞ്ഞു. തുടര്‍ന്നു കെട്ടിടത്തിനു തീ വെച്ചപ്പോള്‍ പെണ്‍കുട്ടി മുറിയ്ക്കുള്ളില്‍ കത്തിയമരുകയായിരുന്നു.
സ്കൂള്‍ അടിയന്തിരമായി അടയ്ക്കാന്‍ സോകോടോ ഗവര്‍ണര്‍ അമിനു താംബുവാന് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിനും സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശവും നല്കി.
പ്രാകൃതമായ കൊലപാതകത്തെ ക്രൈസ്തവരും മുസ്ളീങ്ങളും ഒരേ സ്വരത്തില്‍ അപലപിക്കുകയാണ്. സംഭവത്തില്‍ എല്ലാവരും സംയമനം പാലിക്കണമെന്ന് സുല്‍ത്താന്‍ സാദ് അബൂബക്കര്‍ , സോകോടോ ബിഷപ് മാത്യു ഹസന് കുക്കാ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഒരാളെ തിരിച്ചറിഞ്ഞതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അധികൃതര്‍ പറഞ്ഞു.

