സ്ഥലവും വീടും വാങ്ങിയതിനു ക്രൈസ്തവരെ വെടിവെച്ചു കൊന്നു
പെഷവാര്‍ : മുസ്ളീം ഭൂരിപക്ഷ മേഖലയില്‍ സ്ഥലവും വീടും വാങ്ങിയതിന്റെ പേരില്‍ വെടിയേറ്റു ചികിത്സയിലായിരുന്ന ക്രൈസ്തവ വിശ്വാസി നദീം ജോസഫും ഭാര്യാ മാതാവ് എലിസബത്ത് മസിയും മരിച്ചു.
പാക്കിസ്ഥാനിലെ പെഷവാറിലുള്ള ഖൈബര്‍ പഖ്താണ്‍ഖ്വാ പ്രവിശ്യയിലെ മുസ്ളീം ഭൂരിപക്ഷ മേഖലയില്‍ ജൂണ്‍ 7-നാണ് ദാരുണമായ സംഭവം നടന്നത്. നദീം വാങ്ങിയ വീടിനു എതിര്‍വശത്ത് താമസിക്കുന്ന സല്‍മാന്‍ഖാന്‍ എന്നയാളും മകനും ചേര്‍ന്നാണ് വെടിവെച്ചത്.
നദീമും കുടുംബവും ഈ വീട്ടില്‍നിന്നും വിട്ടുപോകണമെന്ന് ഇസ്ളാമിക തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞ് പോകണമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ നദീം പോലീസ് ഹെല്‍പ്പ് ലൈനിലേക്ക് ഫോണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ പെട്ടന്നുതന്നെ വെടിവെയ്ക്കുകയായിരുന്നു.
ഉദരഭാഗത്ത് വെടിയേറ്റ നദീമിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ രക്ഷിക്കാനായി അഞ്ചു സര്‍ജറികള്‍ നടത്തിയിരുന്നു. എന്നിട്ടും മരണത്തിനു കീഴടങ്ങുകയായിരുന്നു.
നദീമിനും കുടുംബത്തിനും നീതി ലഭിക്കണമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ സാബിര്‍ മൈക്കിള്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ കൊലപാതകമാണു നടന്നിരിക്കുന്നതെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും മറ്റൊരു മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖലീല്‍ ഷിഹസാദ് പറഞ്ഞു.


Comments are closed.