ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളുടെ മോചനം: ബോക്കോഹറാം 5.6 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നു

Breaking News Global Middle East

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളുടെ മോചനം: ബോക്കോഹറാം 5.6 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നു
അബുജ: രണ്ടു വര്‍ഷം മുമ്പ് നൈജീരിയായില്‍ ഇസ്ലാമിക് ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മോചിപ്പിക്കണെങ്കില്‍ തങ്ങള്‍ക്ക് 5.6 ബില്യണ്‍ യു.എസ്. ഡോളര്‍ നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത.

 

2014 ഏപ്രില്‍ മാസത്തിലാണ് ചിബോക്ക് നഗരത്തിലെ സ്കൂള്‍ ക്യാമ്പസില്‍നിന്നും ഭീകരര്‍ 230 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ പലരും പലപ്പോഴായി രക്ഷപെട്ടു വീട്ടിലെത്തിയിരുന്നു.

 

എന്നാല്‍ ഇപ്പോഴും 200 വിദ്യാര്‍ത്ഥിനികള്‍ ഭീകരരുടെ രഹസ്യ താവളത്തില്‍ കഴിയുകയാണ്. ഇവരെ മോചിപ്പിക്കണമെന്ന് നിരവധി ലോകരാഷ്ട്രങ്ങള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. മോചനത്തിനായി നൈജീരിയന്‍ സൈന്യവും പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടിരുന്നു.

 

ഭീകരരുടെ ഇപ്പോഴത്തെ മോചന ദ്രവ്യ ആവശ്യത്തെ നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി തള്ളിക്കളഞ്ഞു. കസ്റ്റഡിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികളെ ഭീകരര്‍ മാനഭംഗപ്പെടുത്തുകയും, നിര്‍ബന്ധിച്ച് മതം മാറ്റിച്ചതായും, ചിലരെ മനുഷ്യ ബോംബ് ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതായും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

 

എന്തായാലും ഈ പെണ്‍കുട്ടികളുടെ മാതാപിതാക്കളും, സഹോദരങ്ങളും ഇപ്പോഴും കുട്ടികളുടെ വീട്ടിലേക്കുള്ള വരവും കാത്ത് കണ്ണീരുമായി കാത്തുകാത്തിരിക്കുകയാണ്. ചില പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.