അമിത മദ്യപാനികള്‍ ‍, സീരിയലുകള്‍ക്ക് അടിമകള്‍ എന്നിവര്‍ക്ക് കൗണ്‍സിലിങ് നടത്തണമെന്ന് സീറോ മലബാര്‍ സഭ

Breaking News Kerala Top News

അമിത മദ്യപാനികള്‍ ‍, സീരിയലുകള്‍ക്ക് അടിമകള്‍ എന്നിവര്‍ക്ക് കൗണ്‍സിലിങ് നടത്തണമെന്ന് സീറോ മലബാര്‍ സഭ
കൊച്ചി: അമിതമായ മദ്യപാനം കത്തോലിക്കര്‍ക്കിടയിലെ ഗൗരവമേറിയ പ്രശ്നമാണെന്ന് സീറോ മലബാര്‍ സഭ അസംബ്ലി രേഖ. ഇതിനെ ചെറുക്കാന്‍ കൂടുതല്‍ മദ്യമുക്തി കേന്ദ്രങ്ങളും കൗണ്‍സിലിങ് കേന്ദ്രങ്ങളും തുറക്കണമെന്നുമുള്ള അസംബ്ലിയുടെ അന്തിമ ശുപാര്‍ശകളും, നിര്‍ദ്ദേശങ്ങളുമടങ്ങിയ രേഖ നിര്‍ദ്ദേശിക്കുന്നു. പുകവലി, മയക്കു മരുന്ന്, ചൂതാട്ടം, അശ്ലീലാഭിമുഖ്യം തുടങ്ങിയവ നിയന്ത്രിക്കപ്പെടണം.

ഇതോടൊപ്പം ടിവി സീരിയലുകളോടുള്ള അടിമത്തവും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അടിമകളായവരെക്കുറിച്ചും സഭ ഗൗരവത്തോടെ കാണണം. ഇത്തരക്കാര്‍ക്കായി പ്രത്യേക സൈക്കോ-സ്പിരിച്വല്‍ കൗണ്‍സിലിങ് സൗകര്യങ്ങളൊരുക്കണം.

മൊബൈല്‍ ഫോണ്‍ ‍, ടി.വി., ഇന്‍റര്‍നെറ്റ് തുടങ്ങിയവ വിവേക പൂര്‍വ്വം ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും അസംബ്ലി നിര്‍ദ്ദേശിക്കുന്നു. ഉപഭോഗ സംസ്ക്കാരത്തിന്റെ ഗാഢാലിംഗനത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കണം.

വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളെ ഏല്‍പ്പിച്ച് പണം ധൂര്‍ത്തടിക്കുന്നത് ഒഴിവാക്കണം.

കൂടാതെ പള്ളികളില്‍ വെടിവഴിപാട് പൂര്‍ണ്ണമായും ഒഴിവാക്കണം. കൂടുതല്‍ മക്കളുള്ളവരെ പ്രോത്സാഹിപ്പിക്കണം. സഭയുടെ സ്കൂളുകളിലും ആസ്പത്രികളിലും മൂന്നാമത്തെ കുട്ടിക്ക് പകുതിയും അതിനുശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് മുഴുവനും നിരക്ക് ഇളവ് നല്‍കണമെന്നും അസംബ്ലി നിര്‍ദ്ദേശിക്കുന്നു. ആഗസ്റ്റ് 25 മുതല്‍ 28 വരെ കൊടകരയിലാണ് സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ അസംബ്ലി നടന്നത്.
കത്തോലിക്കാ സഭയില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ വെച്ചത് വിശ്വാസികള്‍ക്കിടയിലും, സഭയ്ക്കുതന്നെയും ഒരു പുതിയ മാറ്റത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. നാമധേയ ക്രൈസ്തവരെന്നു മുദ്ര കുത്തപ്പെടുന്ന ഇവര്‍ക്കിടയില്‍ ജനോപകാരപ്രദവും, സാന്‍മാര്‍ഗ്ഗികവുമായ നല്ല കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശീലിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുവെ സ്വീകാര്യമായിരിക്കുമെന്നതില്‍ രണ്ടു പക്ഷമില്ല.

ക്രൈസ്തവ സമൂഹം നന്നായാല്‍ പൊതു സമൂഹവും നന്നാവും. ക്രൈസ്തവ സമൂഹത്തിനു മൊത്തത്തില്‍ അപമാനവും മാനഹാനിയും വരുത്തുന്ന ദുഷിച്ച ഏര്‍പ്പാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. അതിന് ഒരു മാറ്റം ആവശ്യമാണ്.

എന്നാല്‍ എല്ലാം സമ്പൂര്‍ണ്ണമെന്ന് അഭിമാനിക്കുന്ന പെന്തക്കോസ്തു സമൂഹത്തിലും മേല്‍പ്പറഞ്ഞ തരത്തിലുള്ള ദുഷിച്ച പ്രവണതകള്‍ കണ്ടുവരാറുണ്ട്. ഈ അടുത്ത കാലത്ത് ദൈവസഭയ്ക്കുള്ളില്‍ കടന്നു വന്ന ദുഷ്പ്രവണതകളാണ് ഇവ.

പണവും, സമ്പത്തും, പ്രതാപവും വര്‍ദ്ധിച്ചപ്പോള്‍ ആത്മീകത കുറഞ്ഞു.

പ്രാര്‍ത്ഥനകളും, ആത്മീക കൂടിവരവുകളും നടക്കേണ്ടുന്ന സമയം ടെലിവിഷന്‍ സീരിയലുകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.

വിവാഹ ശുശ്രൂഷകള്‍ പലതും ധൂര്‍ത്തിന്റെ അടയാളങ്ങളാകുന്നു.

ജാതികളെപ്പോലും ലജ്ജിപ്പിക്കുന്ന ജീവിത ശൈലികള്‍ പെന്തക്കോസ്തു സഭകളിലും കടന്നു വരുന്നു. ഇത് അവസാനിപ്പിക്കണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.