കാണ്ഡമല്‍ ക്രൈസ്തവ വേട്ട: രാഷ്ട്രപതിക്ക് നേതാക്കള്‍ നിവേദനം നല്‍കി
ന്യൂഡല്‍ഹി: 2007-08 കാലയളവില്‍ ഒഡീഷയിലെ കാണ്ഡമലില്‍ സംഘപരിവാര്‍ നടത്തിയ പീഢനമായ ക്രൈസ്തവ വേട്ടയില്‍ ഇരകളായവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു.
ഇതിനെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി. ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ വ്യാപകമായി നടത്തിയ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതുവരെ വിധി വന്നത് രണ്ടെണ്ണത്തില്‍ മാത്രം.
ശിക്ഷിക്കപ്പെട്ടവരില്‍ ഇപ്പോള്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതാകട്ടെ ഒരാളും. 36 കൊലപാതകക്കേസുകളും തെളിവില്ല എന്ന പേരില്‍ അന്വേഷണം അവസാനിപ്പിച്ചു. ആക്രമണങ്ങളെത്തുടര്‍ന്ന് പാലായനം ചെയ്ത പതിനായിരങ്ങള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് ഇരകളുടെ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്നത്തെ ആക്രമണങ്ങളില്‍ ആറായിരത്തില്‍പ്പരം വീടുകളും 395 ക്രൈസ്തവ ആരാധനാലയങ്ങളും അക്രമികള്‍ നശിപ്പിച്ചിരുന്നു. തുച്ഛമായ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇരകള്‍ നല്‍കിയ 3222 പരാതിയിന്മേല്‍ പോലീസ് 827 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 512-ല്‍ മാത്രം. 255 കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണ്.
273 കേസ് സര്‍ക്കാര്‍ എഴുതിത്തള്ളി. 11,000 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ക്രൈസ്തവ വേട്ടയെത്തുടര്‍ന്ന് 56,000 പേര്‍ ഭവനരഹിതരായി. 10,000 കുട്ടികളുടെ വിദ്യാഭ്യാസം നിലച്ചു. ക്രൈസ്തവ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഓഫീസുകളും കേന്ദ്രങ്ങളും തകര്‍ത്തു.
ഇരകള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കള്‍ , ക്രൈസ്തവ നേതാക്കള്‍ , പാസ്റ്റര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് നിവേദനം നല്‍കി. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കരാട്ട്, കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍ , സി.പി.ഐ.എം.എല്‍ . നേതാവ് കവിതാ കൃഷ്ണന്‍ , ഫാ. അജയ്സിംഗ്, ഫാ. ദിബാകര്‍ പരിച്ച എന്നിവര്‍ നിവേദനം കൊടുക്കന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. നേരത്തേ രാഷ്ട്രീയ നേതാക്കള്‍ ഇരകളുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

