ഛത്തീസ്ഗഡിൽ സുവിശേഷ വിരോധികൾ ക്രിസ്ത്യൻ വിശ്വാസികളെ മർദ്ദിച്ച ശേഷം അവരുടെ വീടുകൾ ആക്രമിച്ച് വീട്ട് സാധനങ്ങളും വിലപ്പെട്ട രേഖകളും നശിപ്പിച്ചു.
ഇക്നാർ : ഛത്തീസ്ഗഡിലെ അബുജ്മർ മേഖലയിലെ നാരായൺപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഇക്നാർ എന്ന ഗ്രാമത്തിൽ ജനുവരി 25 രാവിലെ 8 മണിയോടെ കഴിഞ്ഞ അഞ്ച് വർഷമായി ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ച് ജീവിച്ച് വന്ന ബ്രദർ മങ്കു കുമേതി, ബ്രദർ ഗർവ റാം സലാം കുടുംബങ്ങളെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ശാരീരികമായി ആക്രമിച്ചു.
തങ്ങളെ മർദ്ദിച്ചുവെന്നും, വീടുകളിൽ നിന്ന് സാധനങ്ങൾ വലിച്ചെറിഞ്ഞുവെന്നും, സൂക്ഷിച്ചിരുന്ന റേഷനും പ്രധാനപ്പെട്ട രേഖകളും കത്തിച്ചുവെന്നും ഇരകൾ ആരോപിക്കുന്നു. കുടുംബങ്ങൾ വിശ്വാസം ഉപേക്ഷിച്ച് ഗ്രാമം വിടണമെന്ന് അക്രമികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
“സമ്മർദ്ദത്തിന് വഴങ്ങി ഞങ്ങൾ ഞങ്ങളുടെ മതം ഉപേക്ഷിക്കില്ല” എന്ന് ഇരകളിൽ ഒരാളായ സഹോദരൻ മങ്കു കുമേതി ഉറച്ച് പറഞ്ഞു. ഇത് വരെ കുറ്റവാളികൾക്ക് എതിരെ പോലീസ് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.
എല്ലാ പ്രിയ ദൈവമക്കളും ഛത്തീസ്ഗഡിലെ എല്ലാ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവസഭകളെയും, ദൈവദാസന്മാരെയും, ദൈവജനത്തേയും ഓർത്തും, ഈ ക്രൂരത ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, ഇവർ മനസാന്തരപ്പെട്ട് ദൈവസ്നേഹം തിരിച്ചറിയേണ്ടതിനും, ഈ പ്രദേശം യേശുക്രിസ്തുവിനെ അറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.


