തലയോട്ടി തുറക്കാതെ തലച്ചോറില്‍ 10 മിനിറ്റില്‍ ചിപ്പ് ഇംപ്ളാന്റ് ചെയ്യാം; പക്ഷാഘാത രോഗികള്‍ക്ക് പ്രതീക്ഷ
തലയോട്ടി തുറക്കാതെതന്നെ കഴുത്തിലെ രക്തക്കുഴലുകള്‍ ഉപയോഗിച്ച് തലച്ചോറിലെത്താന്‍ കഴിയുന്ന ഒരു ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസില്‍ (ബിസിഐ) ചൈനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു.
പരമ്പരാഗത നടപടികളേക്കാള്‍ വേഗതയേറിയതും കുറഞ്ഞ ആക്രമണാത്മകവുമായ രീതിയില്‍ ബ്രെയിന്‍ ഇംപ്ളാന്റുകള്‍ ഈ സമീപനത്തിലൂടെ സ്ഥാപിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്.
ഷാങ്ഹായ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് സ്റ്റെയര്‍മെഡ് ടെക്നോളജി ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകരുമായി ചേര്‍ന്ന് ഈ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴുത്തിലെ ഒരു രക്തക്കുഴലിലൂടെ ഡോക്ടര്‍മാര്‍ ചിപ്പ് തിരുകുകയും തലച്ചോറിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ വാസ്കുലര്‍ സിസ്റ്റത്തിലൂടെ നയിക്കുകയും ചയ്യും.
തുടര്‍ന്ന് ഉപകരണം രക്തക്കുഴലുകളുടെ മതിലിനു പുറത്ത് സുരക്ഷിതമാക്കും. ആടുകളില്‍ ഈ പരീക്ഷണം വിജയിച്ചു കഴിഞ്ഞു. മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിട്ടില്ല.
10 മിനിറ്റ് ഇംപ്ളാന്റേഷന്‍ നടക്കും. തലച്ചോറില്‍നിന്ന് വൈദ്യുത സിഗ്നലുകളെ കമ്പ്യൂട്ടറുകള്‍ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും മനസിലാകുന്ന കമാന്‍ഡുകളാക്കി മാറ്റുന്നതിനാണ് ബിസിഐകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കഠിനമായ പക്ഷാഘാതമുള്ള ആളുകള്‍ക്ക് ആശയ വിനിമയം നടത്താനോ ഉപകരണങ്ങള്‍ നിയന്ത്രിക്കാനോ ചിന്തകള്‍ ഉപയോഗിച്ച് കുറച്ച് സ്വാതന്ത്ര്യം വീണ്ടെടുക്കാനോ ഈ സാങ്കേതിക വിദ്യയ്ക്കു കഴിയും.

