ഇന്‍ഹേലറുകളുടെയും നേസല്‍ സ്പ്രേകളുടെയും പതിവ് ഉപയോഗം അപകടകരം
ഇന്‍ഹേലറുകളും നേസല്‍ സ്പ്രേകളും ഉപയോഗിക്കുന്നവരാണ് നല്ലൊരു ശതമാനം പേരും. ആസ്തമ, അലര്‍ജികള്‍, ശ്വസകോശസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ എന്നിവയുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം പകരുന്ന മരുന്നുകളാണ് കോര്‍ട്ടികോ സ്റ്റിറോയിഡുകള്‍ അടങ്ങിയ ഇന്‍ഹേലറുകളും നേസല്‍ സ്പ്രേകളും.
എന്നാല്‍ ഇവ ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ മരുന്നിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് ചില വിദഗ്ദ്ധര്‍ ആശങ്ക പങ്കുവെയ്ക്കുന്നു.
21000 ത്തിലധികം അണുബാധ കേസുകളില്‍ നടത്തിയ പഠനത്തില്‍ ഇന്‍ഹേലറുകളും നേസല്‍ സ്പ്രേകളും പതിവായി ഉപയോഗിക്കുന്നവരില്‍ വായിലും കണ്ണുകളിലും, ശ്വാസകോശത്തിലും അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തി.
കോര്‍ട്ടികോ സ്റ്റിറോയിഡുകള്‍ വീക്കം നിയന്ത്രിക്കുന്നതില്‍ ഫലപ്രദമാണെങ്കിലും അവ രോഗപ്രതിരോധ സംവിധാനത്തിന്റെ ചില ഭാഗങ്ങളെ അടിച്ചമര്‍ത്തുന്നു.
ഇത് ബാക്ടീരിയ, ഫംഗസ്, വൈറസുകള്‍ എന്നിവ ശരീരത്തില്‍ കടന്നു കൂടുന്നത് വേഗത്തിലാക്കുന്നു. റിപ്പോര്‍ട്ടു ചെയ്യപ്പെട്ട അണുബാധ രോഗികളില്‍ 60 ശതമാനത്തിലധികം സ്ത്രീകളിലായിരുന്നുവെന്നും എടുത്തു പറയേണ്ടതുണ്ട്.
മിക്ക ഇന്‍ഹേലറുകളിലും മൂക്കില്‍ ഉപയോഗിക്കുന്ന സ്പ്രേകളിലും അടങ്ങിയിട്ടുള്ള സ്റ്റിറോയിഡുകള്‍ക്ക് ശ്വാസകോശത്തിലും മൂക്കിലും മാത്രമല്ല ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പറയുന്നു.

