മാങ്ങാ കഴിക്കുമ്പോള്‍ തൊലി ചെത്തിക്കളയരുത്
ഒട്ടനവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മാങ്ങ. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും മാമ്പഴം മികച്ച ഒരു പഴവര്‍ഗ്ഗമാണ്.
മാമ്പഴത്തിലടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ ചില കാന്‍സറുകള്‍ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നുവെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈറ്റമിന്‍ സി, എ, ഇ, കെ, ബി6 എന്നിങ്ങനെ നിരവധി വൈറ്റമിനുകളുടെ ഒരു ശേഖരം തന്നെ മാങ്ങയിലുണ്ട്.
പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 165 ഗ്രാം മാങ്ങയില്‍ 67 ശതമാനം വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. പ്രമേഹത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താനും മാങ്ങായ്ക്കു ശേഷിയുണ്ട്.
എന്നാല്‍ ഇന്ന് ഭൂരിപക്ഷം ആളുകളും മാങ്ങായുടെ തൊലി ചെത്തിക്കളഞ്ഞശേഷമാണ് കഴിക്കുന്നത്. മാങ്ങായുടെ തൊലിയിലും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
മാങ്ങാത്തൊലി ഉപയോഗിച്ച് ഉണ്ടാക്കിയ ചായയോ പാനീയങ്ങളോ കുടിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
വായിലെ ബാക്ടീരിയായുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്ന ആന്റി മൈക്രോബിയല്‍ ഗുണങ്ങളുള്ള ബയോ ആക്ടീവ് സംയുക്തങ്ങള്‍ തൊലിയില്‍ അടങ്ങിയിരിക്കുന്നു.
മാങ്ങായുടെ തൊലി ചവയ്ക്കുന്നത് വായുടെ ശുചിത്വത്തിനു കാരണമാകുന്നു. ദന്തക്ഷയം , മോണരോഗങ്ങള്‍ സാദ്ധ്യതയും ഇത് തടയുന്നു.

