വിമാനത്തില്‍ കയറാന്‍ അര മണിക്കൂറുകൊണ്ട് തിന്നു തീര്‍ത്തത് 30 കിലോ ഓറഞ്ച്
ബീജിംങ്: വിമാനത്തില്‍ കയറുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ലഗേജിന്റെ ഭാരം. വിമാനത്താവള അധികൃതരുടെ നിയമങ്ങളും സമീപനങ്ങളും കുറച്ചൊന്നുമല്ല യാത്രക്കാരെ വിഷമിപ്പിക്കുന്നത്.
ചൈനയിലെ നാലു പേരാണ് തങ്ങള്‍ നേരിട്ട പ്രശ്നം സ്വയം രമ്യമായി പരിഹരിച്ചത്.
തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന് മിംഗിലെ ഒരു വിമാനത്താവളത്തിലാണ് രസകരമായ സംഭവം നടന്നത്. വാങ് എന്ന ആളും മറ്റു മൂന്നു പേരും വിമാനത്തില്‍ കയറുവാന്‍ വന്നു. കൂടെ 30 കിലോ ഓറഞ്ചു നിറച്ചൊരു പെട്ടിയുമുണ്ടായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ സംഗതി കുഴഞ്ഞു.
ഓറഞ്ചു പെട്ടി കയറ്റണമെങ്കില്‍ 300 യുവാന്‍ (3,3846 രൂപ) അധികമായി നല്‍കണം. അധികൃതരും യാത്രികരും തമ്മില്‍ തര്‍ക്കമായി. ഒരു കാരണവശാലും പണം നല്‍കില്ലെന്നു യാത്രികര്‍ . എങ്കില്‍ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നു ജീവനക്കാരും. നാലംഗ യാത്രക്കാര്‍ക്കു വാശിയായി.
അവര്‍ അവിടെത്തന്നെ കുത്തിയിരുന്നു ഒറ്റയടിക്ക് 30 കിലോ ഓറഞ്ചും തിന്നു തീര്‍ത്തു. ജീവനക്കാര്‍ അന്തം വിട്ടു നില്ക്കുമ്പോള് , ഓറഞ്ച് അകത്താക്കിയ സ്ഥിതിക്ക് ഇനിയും വിമാനത്തില്‍ കയറാമല്ലോ എന്ന മട്ടില്‍ പുഞ്ചിരിച്ചു.
ഏകദേശം 30 മിനിറ്റുകൊണ്ട് നാലു പേരും പ്രശ്നം സോള്‍വാക്കി. അതിലും വലിയ ഒരു പ്രശ്നം തങ്ങള്‍ക്കുണ്ടായി. അസാധാരണമായ ഓറഞ്ചു തീറ്റിമൂലം വായില്‍ അള്‍സര്‍ ബാധിച്ചിരിക്കുകയാണ് നാലു പേര്‍ക്കും. അസ്വസ്ഥത കൂടിയ ഇവര്‍ ഒരു തീരുമാനം കൂടി എടുത്തു, ഇനി ഓറഞ്ചു തിന്നില്ല.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേര് അനുകൂലിച്ചും മണ്ടത്തരമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. അതിനു കാരണം ഓറഞ്ചു ഒന്നിച്ചു കൊണ്ടുപോയിട്ടല്ലേ പ്രശ്നം ഉണ്ടായത്. നാലായി വീതിച്ച് കൈയ്യില്‍ കരുതിയിരുന്നെങ്കില്‍ പ്രശ്നം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന ചോദ്യമുയരുന്നു.