ലോക സമ്പത്തിന്റെ പകുതിയും ഒരു ശതമാനത്തിന്റെ പക്കലെന്ന് പഠനം
ദാവോസ്: ലോകത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുന്നു.
അതി സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈകളിലാണ് ലോക സമ്പത്തിന്റെ പകുതിയിലേറെയുമെന്ന് ദാരിദ്യ്ര വിരുദ്ധ സന്നദ്ധ പ്രസ്ഥാനമായ ഓക്സ്ഫാം നടത്തിയ പഠനത്തില്‍ വ്യക്തമായി. 2009-ല്‍ സമ്പത്തിന്റെ 44 ശതമാനമായിരുന്നു ഒരു ശതമാനം സമ്പന്നരുടെ കൈകളിലെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 48 ശതമാനമായി ഉയര്‍ന്നു.
2016-ല്‍ 50 ശതമാനത്തിലേറെ സമ്പത്തും ഒരു ശതമാനം ധനാഢ്യന്മാരുടെ കൈകളിലാകുമെന്നാണ് വിലയിരുത്തല്‍ . 2020-ഓടെ സമ്പത്ത് 54 ശതമാനമായി വര്‍ദ്ധിക്കും. ലോകത്തെ ഏറ്റവും ധനികരായ 80 പേരുടെ ആകെ സമ്പത്തായ 1.9 ലക്ഷംകോടി ഡോളര്‍ ഏറ്റവും ദരിദ്രരായ 50 ശതമാനം ജനങ്ങളുടെ ആകെ സ്വത്തിനു തുല്യമാണ്.
4 വര്‍ഷത്തിനിടയില്‍ 80 ശത കോടീശ്വരന്മാരുടെ ആസ്തി 50 ശതമാനം (60,000 കോടി ഡോളര്‍ ) വര്‍ദ്ധിച്ചു. എന്നാല്‍ 50 ശതമാനം ദരിദ്രരുടെ സ്വത്ത് 75,000 കോടി ഡോളര്‍ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ദരിദ്രരുടെ ശരാശരി സമ്പത്ത് 3851 ഡോളറാണ്. ഒരു ശതമാനം സമ്പന്നരുടെ സമ്പത്തിന്റെ ശരാശരി 27 ലക്ഷം ഡോളറാണ്.

