ആരാധനാലയം തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ മണ്ണിട്ടു മൂടി കൊലപ്പെടുത്തി
ഹെനാന്‍ പ്രവിശ്യ: ചൈനയില്‍ ക്രൈസ്തവ ആരാധനാലയം തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിരോധിച്ച പാസ്റ്ററേയും ഭാര്യയേയും ബുള്‍ഡോസര്‍ ഉപയോഗിച്ച് മണ്ണിട്ടു മൂടി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭാര്യയ്ക്ക് ദാരുണമായ മരണം സംഭവിച്ചു.
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷുമേഡിയനില്‍ ഏപ്രില്‍ 14-നായിരുന്നു ക്രൂരമായ സംഭവം നടന്നത്. പാസ്റ്റര്‍ ലി ജിയാഗോംഗും ഭാര്യ ഡിംങ് ക്യുമേയിയും നേതൃത്വം നല്‍കി ശുശ്രൂഷിക്കുന്ന സഭയായ ബെയിട്ടോ ചര്‍ച്ചിന്റെ ആരാധനാലയം തകര്‍ക്കുന്നതിനായി പ്രാദേശിക വികസന അതോറിറ്റിയുടെ സഹായത്തോടെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുമായിട്ട് വന്നു.
സ്വന്തം പേരില്‍ വന്‍ മതിപ്പു വിലയുള്ള ചര്‍ച്ച് കോമ്പൗണ്ടും, ആരാധനാലയവും വികസനത്തിന്റെ പേരില്‍ ഇടിച്ചു നിരത്താന്‍ തുടങ്ങിയപ്പോള്‍ പാസ്റ്ററും ഭാര്യയും ബുള്‍ഡോസറിനു മുമ്പില്‍ പ്രതിരോധിച്ചു. ആരാധനാലയത്തിനു മുമ്പിലുള്ള മണ്ണ് നീക്കം ചെയ്യുന്നതിനിടയില്‍ ഉദ്യോഗസ്ഥരിലൊരാള്‍ ബുള്‍ഡോസര്‍ ഡ്രൈവറോഡ് “ഇവരെ രണ്ടുപേരെയും ജീവനോടെ കുഴിച്ചു മൂടുക, ഇതിനു പിന്നിലുള്ള പ്രത്യാഘാതം ഞാന്‍ നോക്കിക്കൊള്ളാം” എന്നു വിളിച്ചു പറഞ്ഞു.
ഡ്രൈവര്‍ ഇരുവരുടെയും ദേഹത്ത് മണ്ണ് മൂടിയിട്ടു. പാസ്റ്റര്‍ ലീ മരണ വെപ്രാളത്തോടെ മണ്ണു നീക്കി പുറത്തുവന്നു. എന്നാല്‍ ഭാര്യ ഡിങ്ങിനു ഈ സമയം മണ്ണു നീക്കി പുറത്തുവരാന്‍ പെട്ടന്നു കഴിഞ്ഞില്ല. ഡിങ്ങി മണ്ണിനുള്ളില്‍ അകപ്പെട്ടു ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും നരഹത്യയ്ക്കു കേസെടുത്തു.
സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. നിന്ദ്യവും ക്രൂരവുമായ കൊലപാതകമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്ന് സഭാ നോതാക്കള്‍ പറഞ്ഞു. ഈ സംഭവം അതീവ ഗുരുതരമായതാണെന്നും കേസുമായി മുന്നോട്ടു പോകുമെന്നും ചൈന എയ്ഡ് പ്രസിഡന്‍റ് ബോബ് ഫു പറഞ്ഞു.

