ഇസ്ലാമബാദില്‍ ക്രിസ്ത്യന്‍ ചേരിയില്‍ കുടിയിറക്കല്‍ ; പതിനായിരങ്ങള്‍ ഭവന രഹിതരായി
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്ലാമബാദിലെ ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരി പ്രദേശത്തുനിന്ന് ജനങ്ങളെ കുടിയിറക്കുന്നതിനാല്‍ പതിനായിരക്കണക്കിനു വിശ്വാസികളാണ് ഭവനരഹിതരായത്.
ഡിസംബര്‍ 8-ന് ഇസ്ലാമബാദിലെ ക്യാപ്പിറ്റല്‍ ഡവലപ്പ്മെന്റ് അതോറിട്ടീസ് (സി ഡി എ) ഉദ്യോഗസ്ഥര്‍ എത്തി ഇവിടെ താമസിക്കുന്ന ക്രൈസ്തവ കുടുംബങ്ങളേയും ചില അഫ്ഗനിസ്ഥാന്‍ പൌരന്മാരുടെ കുടുംബങ്ങളേയും ബലമായി ഇറക്കിവിടുകയായിരുന്നു. ഇവര്‍ വര്‍ഷങ്ങളയി താമസിച്ചു വന്നിരുന്ന വീടുകള്‍ , കടകള്‍ എന്നിവ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി.
ദിവസങ്ങളോളം നീണ്ട ഇടിച്ചു നിരത്തലില്‍ എല്ലാം നഷ്ടപ്പെട്ട ജനം വഴിയാധാരമായി. പത്തോളം ചേരികളിലായി ഒരുലക്ഷത്തി ഇരുപതിനായിരം പേരോളം ഇവിടെ താമസിച്ചു വരികയായിരുന്നു. ഇവര്‍ അനധികൃതമായി താമസിക്കുന്നു എന്നാരോപിച്ചായിരുന്നു അധികാരികളുടെ ഈ ക്രൂരനടപടികള്‍ .
ഇസ്ലാമബാദിനെ ലോകത്തെ മനോഹരമായ ഒരു നഗരമാക്കുകയും ഇസ്ലാമിന്റെ തനതു ഭംഗി നിലനിര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് സിഡി എ അധികൃതര്‍ പറഞ്ഞു. എന്നാല്‍ നഗരത്തിലെ ക്രൈസ്തവരുടെ ജനസംഖ്യാ വളര്‍ച്ചയില്‍ വിറളി പൂണ്ടവര്‍ ക്രൈസ്തവരെ ചിന്നിച്ചിതറിക്കുകയാണ് ലക്ഷ്യമെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു.
2014-ല്‍ സിഡി എ ക്രൈസ്തവര്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി രംഗത്തുവരികയുണ്ടായി. ക്രൈസ്തവര്‍ക്കെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ എടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പുകളെത്തുടര്‍ന്ന് നടപടിലള്‍ നീട്ടിവെയ്ക്കുകയായിരുന്നു.

