ബംഗ്ളാദേശില്‍ പാസ്റ്ററെ കഴുത്തറത്തു കൊല്ലാന്‍ തീവ്രവാദി ശ്രമം
ധാക്ക: ബംഗ്ളാദേശില്‍ പാസ്റ്ററെ കഴുത്തറത്തു കൊലപ്പെടുത്താനുള്ള ഇസ്ളാമിക തീവ്രവാദികളുടെ ശ്രമം ദൈവത്തിന്റെ കൃപയാല്‍ പരാജയപ്പെട്ടു.
ഒക്ടോബര്‍ 5-ന് പാബ്നയിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയില്‍ ഫെയ്ത്ത് ബൈബിള്‍ ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ലൂക്ക് സര്‍ക്കാരിനെയാണ് 3 അംഗ തീവ്രവാദി സംഘം വീടിനകത്ത് കയറി കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്.
ബൈക്കിലെത്തിയ യുവാക്കള്‍ പാസ്റ്റര്‍ ലൂക്കിനോട് തങ്ങള്‍ക്ക് ക്രിസ്ത്യാനിത്വത്തേക്കുറിച്ച് അറിയണമെന്നും, ബൈബിള്‍ പഠിക്കണമെന്നും ആവശ്യപ്പെട്ടാണ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. പൊടുന്നനവെ കത്തിയെടുത്ത് കഴുത്തറക്കുവാന്‍ തുടങ്ങി.
എന്നാല്‍ പെട്ടന്ന് പാസ്റ്റര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഈ സമയം ഭാര്യ ഓടി എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു. മല്‍പ്പിടുത്തത്തിനിടയില്‍ പാസ്റ്റര്‍ക്ക് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായതൊഴിച്ചാല്‍ കാര്യമായ പരിക്കില്ല.
ഐ.എസ്. തീവ്രവാദികള്‍ എന്നു സ്വയം പരിചയപ്പെടുത്തിയ 25നും 30നും ഇടയില്‍ പ്രായം തോന്നിക്കുന്നവരാണ് അക്രമികളെന്ന് പാസ്റ്റര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നു തെളിഞ്ഞു.

