ചൈനയില്‍ ഹൌസ് ചര്‍ച്ച് അടപ്പിച്ചു, വിശ്വാസികള്‍ തെരുവില്‍ കര്‍ത്താവിനെ ആരാധിച്ചു, സുവിശേഷം പ്രസംഗിച്ചു
ചെങ്ദു: ചൈനയില്‍ ഹൌസ് ചര്‍ച്ച് അധികാരികള്‍ അടപ്പിച്ചു.
ഇതിനെത്തുടര്‍ന്ന് പാസ്റ്റര്‍മാരും വിശ്വാസികളും തെരുവില്‍ കര്‍ത്താവിനെ ആരാധിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. ചെങ്ദുവിലെ ഹൌസ് ചര്‍ച്ചാണ് അംഗീകരിക്കാനാവില്ലെന്നു ആരോപിച്ച് പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടിയത്.
ഇതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 9-ന് ഞായറാഴ്ച പാസ്റ്റര്‍മാരും വിശ്വാസികളും ചെങ്ദു നഗരത്തിലെ പൊതു പാര്‍ക്കില്‍ കര്‍ത്താവിനെ ആരാധിച്ചു.
സഭായോഗം നടക്കുന്ന അതേ രീതിയില്‍ത്തന്നെ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടുകൂടെ പാട്ടു പാടിയും സ്തോത്രം പറഞ്ഞും കര്‍ത്താവിനെ മഹത്വപ്പെടുത്തി. സാക്ഷ്യങ്ങളും വചന ഘോഷണവും നടത്തി. തുടര്‍ന്നു വൈകിട്ട് പരസ്യയോഗം നടത്തി. തെരുവുതോറും കര്‍ത്താവിന്റെ സുവിശേഷം പ്രസംഗിച്ചു.
കൈയ്യില്‍ ബൈബിള്‍ പിടിച്ചുകൊണ്ട് മൈക്കുപയോഗിച്ചാണ് പ്രസംഗിച്ചത്. ഈ ഹൌസ് ചര്‍ച്ച് അടച്ചുപൂട്ടിയതിനെത്തുടര്‍ന്നു നിരാശരാകാതെ വിശ്വാസികള്‍ വലിയ ആവേശത്തോടുകൂടിയാണ് തെരുവില്‍ കര്‍ത്താവിനെ ആരാധിച്ചതും ഉയര്‍ത്തിയതും. ബീജിംഗ് പട്ടണത്തില്‍ത്തന്നെ 30-ഓളം ക്രൈസ്തവ സഭാ ആരാധനാലയങ്ങള്‍ അംഗീകാരമില്ലാത്തതിന്റെ പേരില്‍ ഭരണകൂടം അടച്ചു പൂട്ടുകയുണ്ടായി.

