മാതാപിതാക്കളോടുള്ള കടപ്പാട് (എഡിറ്റോറിയൽ) പാസ്റ്റര്‍ ഷാജി. എസ്.
സ്വന്തം മാതാപിതാക്കളോടുള്ള കടപ്പാടുകളും ഉത്തരവാദിത്വങ്ങളും വിസ്മരിച്ചു കളയുന്ന ആര്‍ക്കും താന്‍ ഒരു ദൈവപൈതലാണെന്ന് അവകാശപ്പെടുവാന്‍ കഴിയുകയില്ല.
എന്തെന്നാല്‍ ദൈവം നല്‍കിയിരിക്കുന്ന പത്തു കല്‍പ്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓരോരുത്തനും തനിക്ക് ദീര്‍ഘായുസുണ്ടാകുവാന്‍ തന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കണം എന്നുള്ളത്.
ദൈവത്തിന്റെ ഈ കല്‍പ്പന അടിസ്ഥാനമാക്കിക്കൊണ്ട് വേദപുസ്തകത്തില്‍ മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങള്‍ വിശദീകരിക്കുന്നു.
എത്രപേര്‍ ഇതു വായിക്കുന്നു മനസ്സിലാക്കുന്നു. വളരെ നല്ല നിലയില്‍ എത്തിയ ഭവനങ്ങളില്‍ അനാഥത്വത്തിന്റെ ഭാരം പേറി കഴിയുന്ന അനേക മാതാപിതാക്കളെ കാണുവാന്‍ സാധിക്കും.
അപ്രകാരം അവസ്ഥയിലുള്ളവരെ കാണുമ്പോള്‍ പറയുന്നത് ഒരു കാര്യം മാത്രം. ഒന്നു മിണ്ടുവാന്‍ പരസ്പരം സംസാരിക്കുവാന്‍ കാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ ആരും ഇല്ല. ഇനി മരിച്ചാല്‍ മതി. മക്കള്‍ വന്ന് അടക്കിക്കൊള്ളും.
എത്ര നിരാശാജനകവും നൊമ്പരപ്പെടുത്തുന്നതുമായ വാക്കുകള്‍. വളരെ വേദനാജനകമാണ്. മേല്‍പറഞ്ഞ കാര്യം സത്യമാണ്. അല്ലെങ്കില്‍ ഇപ്രകാരമുള്ളവരുടെ ഇടയിലേക്ക് ഒരു പ്രാവശ്യം ഇറങ്ങിച്ചെന്ന് നോക്കുക.
ബാഹ്യമായ അംഗവിക്ഷേപങ്ങളോ വാക്കുകളെകൊണ്ടുള്ള ബഹുമാനത്തേക്കാളുപരി മാതാപിതാക്കളുടെ സംരക്ഷണം സമ്പൂര്‍ ണ്ണമായി ഏറ്റെടുക്കുമ്പോഴാണ് അവരോടുള്ള ബഹുമാനം പൂര്‍ത്തീകരിക്കപ്പെടുന്നത്.
കാരണം സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കുന്നവരാരും അവര്‍ കഷ്ടത്തില്‍ നട്ടം തിരിയുന്നതു കാണുവാന്‍ ആഗ്രഹിക്കുന്നവരല്ല.
അനുദിനം അറിവിന്റെ അഗാധങ്ങളിലേക്ക് പൊയ് ക്കൊണ്ടിരിക്കുന്ന യുവതലമുറ പലപ്പോഴും തങ്ങളേപ്പോലെ പരിജ്ഞാനമോ വിദ്യാഭ്യാസമോ സാമ്പത്തിക നേട്ടമോ ഇല്ലാത്ത മാതാപിതാക്കളെ പുച്ഛത്തോടും പരിഹാസത്തോടുമാണ് വീക്ഷിക്കുന്നത്.
എന്നാല്‍ അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കുന്നതില്‍ നിന്ദ കാണിക്കുകയും ചെയ്യുന്ന കണ്ണിനെ താഴ്വരയിലെ കാക്കകള്‍ കൊത്തിപ്പറിക്കുകയും കഴുകന്‍ കുഞ്ഞുങ്ങള്‍ തിന്നുകയും ചെയ്യും. (സദൃ.30:17) എന്ന മുന്നറിയിപ്പ് ഇന്നത്തെ തലമുറയുടെ കണ്ണ് തുറപ്പിക്കേണ്ടിയിരിക്കുന്നു.
മാതാപിതാക്കളെ കവര്‍ച്ച ചെയ്തിട്ട് അത് അക്രമമല്ല എന്ന് പറയുന്നവനെ നാശത്തിന് സഖിയായിട്ടാണ് സദൃശ്യവാക്യങ്ങളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
മാതാപിതാക്കളെ അനുസരിക്കുവാനും അവര്‍ വാര്‍ദ്ധ്യക്യത്തില്‍ എത്തുമ്പോള്‍ അവരെ നിന്ദിക്കാതിരിക്കുവാനും ഉദ്ബോധിപ്പിക്കുന്നതിനൊപ്പം മാതാപിതാക്കളെ ശപിക്കുന്നവന്റെ വിളക്ക് കൂരിരിട്ടില്‍ കെട്ടുപോകുമെന്നും അഥവാ അവന്‍ പരിപൂര്‍ണ്ണ അന്ധകാരത്തിലാകുമെന്നും (സദൃ.20.20) അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്ന മക്കള്‍ അപമാനവും ലജ്ജയും വരുത്തുമെന്നും വേദപുസ്തകം ഓര്‍പ്പിക്കുന്നു.
മൂഢനായ മകന്‍ അപ്പനു വ്യസനവും തന്റെ മാതാവിന് കയ്പുമാകുന്നു എന്നു പറയുന്ന ശലോമോന്‍ ജ്ഞാനമുള്ള മക്കള്‍ അപ്പനെ സന്തോഷിപ്പിക്കുമെന്നും പറയുന്നു.
ഒരു നിമിഷം ചിന്തിക്കുക. മാതാപിതാക്കളോടുള്ള എന്റെ കടപ്പാട് എപ്രകാരമാണ്. ഞാന്‍ അതു നിവര്‍ത്തിക്കുന്നുണ്ടോ? മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ മറന്നുകളയുന്നവര്‍ ഭാവിയില്‍ തങ്ങളും മാതാപിതാക്കള്‍ ആകും എന്ന കാര്യം വിസ്മരിക്കരുത്.
പാസ്റ്റര്‍ ഷാജി. എസ്.
9895464665

