പാക്കിസ്ഥാനില്‍ വെള്ളപ്പൊക്ക ദുരിതം; ക്രൈസ്തവര്‍ക്ക് സഹായം നിഷേധിക്കുന്നു

Breaking News Global

പാക്കിസ്ഥാനില്‍ വെള്ളപ്പൊക്ക ദുരിതം; ക്രൈസ്തവര്‍ക്ക് സഹായം നിഷേധിക്കുന്നു
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍ കഴിഞ്ഞ മാസം തിമിര്‍ത്തു പെയ്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിനു ആളുകള്‍ ദുരിതത്തിലായി. 170-ഓളം പേര്‍ മരിച്ചു.

 

പലര്‍ക്കും വീടും വസ്തുവകകളും നഷ്ടപ്പെട്ടു. ഇവരില്‍ ചെറിയൊരു വിഭാഗം ക്രൈസ്തവരും ഉള്‍പ്പെടും. വെള്ളപ്പൊക്ക കെടുതിയില്‍ നാശം വിതച്ച പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായ ഹസ്തം നിരവധി പേര്‍ക്കു തുണയായി. പക്ഷേ സഹായ ഹസ്തം ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നു.

 

കസൂരില്‍ 60-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളുണ്ട്. ഇവരുടെ വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ ചില സംഘടനകള്‍ ഇവര്‍ക്ക് നീതി നിഷേധിക്കുകയുണ്ടായി. ക്രൈസ്തവ മാര്‍ഗ്ഗം വിട്ട് മുസ്ളീം മതത്തിലേക്കു വന്നാല്‍ മാത്രമേ സാമ്പത്തിക സഹായം ചെയ്തു തരികയുള്ളുവെന്നു ഇവര്‍ വ്യക്തമാക്കി. ഈ നിലപാട് ക്രൈസ്തവരെ വേദനിപ്പിച്ചു.

 

അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ചൌധരിയുടെ നേതൃത്വത്തില്‍ ഒരു സംഘം വിശ്വാസികള്‍ കസൂരിലെത്തി ക്രൈസ്തവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തു. അതില്‍ താല്‍ക്കാലിക താമസസൌകര്യം, ഭക്ഷണം, വസ്ത്രം മുതലായവ ഉള്‍പ്പെടും. പല ക്രൈസ്തവ ആരാധനാലയങ്ങളും തുറക്കാന്‍ കഴിയാതെവന്നു.

 

വെള്ളപ്പൊക്ക ദുരിതം മുതലാക്കി ചില മുസ്ളീം ഭൂപ്രഭുക്കള്‍ ക്രൈസ്തവരെ ചൂഷണം ചെയ്യുകയും ഉണ്ടായി. വീടും സ്വത്തുക്കളും നഷ്ടമായ സാധുക്കളായ ക്രസ്തവര്‍ക്ക് അഭയവും തൊഴിലും നല്‍കാനായി ഭൂപ്രഭുക്കന്മാര്‍ തൊഴിലാളികളെക്കൊണ്ട് നിര്‍ബന്ധിത കരാറില്‍ ഒപ്പു വെയ്പ്പിച്ചു.

 

തങ്ങളുടെ വരുതിയില്‍ അടിമകളായി നിന്നുകൊണ്ട് തൊഴില്‍ ചെയ്യുവാനാണ് കരാര്‍ ‍. എല്ലാം ,നഷ്ടപ്പെട്ട ക്രൈസ്തവരില്‍ പലരും ഈ കരാറില്‍ ഒപ്പിടുകയും ചെയ്തു.

Leave a Reply

Your email address will not be published.