പുരാതന കനാന്യ ദേശത്ത് 3600 വര്‍ഷം പഴക്കമുള്ള കല്ലറ കണ്ടെത്തി

Breaking News Middle East

പുരാതന കനാന്യ ദേശത്ത് 3600 വര്‍ഷം പഴക്കമുള്ള കല്ലറ കണ്ടെത്തി
യെരുശലേം: ബൈബിളിലെ പുരാതന കനാന്യ ദേശത്തു 3600 വര്‍ഷം പഴക്കമുള്ള രാജകീയ ശവക്കല്ലറ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

 

മെഗിദ്ദോ എന്ന സ്ഥലത്താണ് സ്ത്രീയുടെയും പുരുഷന്റെയും ഒരു കുട്ടിയുടെയും ജഡം അടക്കം ചെയ്തിരുന്ന കല്ലറ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിനിടെ കണ്ടെത്തിയത്. കല്ലറ സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ച് അലങ്കരിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്.

 

പുരുഷന്റെ പ്രായം ഏകദേശം 40-60 വയസു വരെയും സ്ത്രീയുടെ പ്രായം 30 ഉം, കുട്ടി 8-10 ഇടയ്ക്കു പായമുള്ളതുമായിരിക്കാം. വളകള്‍ , മാല മുതലായ ആഭരണങ്ങളും, പാത്രങ്ങളും കണ്ടെടുത്തു. പുരുഷന്റെ തലയില്‍ സ്വര്‍ണ്ണ കിരീടം ധരിച്ച നിലയിലാണ് കാണപ്പെട്ടത്.

ഇതുകൊണ്ട് സമൂഹത്തിലെ ഉന്നത വ്യക്തിയുടെയും കുടുംബത്തിന്റെയും ശവശരീരങ്ങളാണ് അടക്കം ചെയ്തതെന്ന് കരുതാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

മെഗിദ്ദോ ബി.സി. 15-ാം നൂറ്റാണ്ടില്‍ ഈജിപ്ഷ്യന്‍ ഫറവോയായ തത്മോസ് മൂന്നാമന്‍ കീഴടക്കി കനാന്‍ ദേശം ഇദ്ദേഹത്തിന്റെ സാമ്രാജ്യമായി പ്രഖ്യാപിച്ചിരുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ യിസ്രായേല്‍ ഫിങ്കസ്റ്റീനും മരിയോ മാര്‍ട്ടിനും, ഡബ്ള്യു. എഫ്.ആള്‍ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ മാത്യു ആഡംസും അഭിപ്രായപ്പെടുന്നു.

 

ഇവര്‍ 1994 മുതല്‍ മെഗിദ്ദോയില്‍ ഉല്‍ഖനനം നടത്തി വരികയാണ്. 2016-ലാണ് കല്ലറ കണ്ടെത്തിയ സ്ഥലം വിശദമായി പരിശോധിക്കുവാന്‍ തുടങ്ങിയത്. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നും, എത്രമാത്രം ധനികരാണിവരെന്നും, രാജകീയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ സമീപ പ്രദേശത്ത് ഉണ്ടായിരുന്നിരിക്കാമെന്നും ഫിങ്കന്‍സ്റ്റീന്‍ പറയുന്നു.

 

അസ്ഥികൂടങ്ങളുടെ ഡി.എന്‍ ‍.എ പരിശോധനയില്‍ ഈ പ്രദേശ വാസികളുടെ കനാന്യ ബന്ധം കൂടുതല്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനും സഹായകരമാണെന്ന് ഗവേഷക സംഘം പ്രതീക്ഷിക്കുന്നു. കല്ലറ കണ്ടെത്തിയ മെഗിദ്ദോ എന്ന സ്ഥലം വെളിപ്പാടു പുസ്തകതത്തില്‍ 16:16-ല്‍ പരാമര്‍ശിക്കുന്ന ഹര്‍മ്മഗെദ്ദോന്‍ എന്ന സ്ഥലമാണ്.

 

ഇന്ന് ഈ സ്ഥലം വടക്കന്‍ യിസ്രായേലിലെ പ്രമുഖ നഗരമായ ഹെയ്ഫയുടെ 30 കിലോമീറ്റര്‍ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇന്ന് ഈ സ്ഥലം ടെല്‍ എല്‍ ‍-മ്യൂട്ടെസെല്ലിം എന്ന പേരിലാണ് അറിയപ്പെടുന്നത്.